അനധികൃത സ്വത്ത്, കവടിയാറിലെ വീട്: എഡിജിപി എം.ആര്‍.അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു
Mail This Article
തിരുവനന്തപുരം∙ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തു സമ്പാദനം, കവടിയാറിലെ വീട് നിര്‍മാണം എന്നിവയടക്കമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണു പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതത്. അഴിമതി ആരോപണങ്ങള്‍ ആദ്യം ഉന്നയിച്ച പി.വി.അന്‍വര്‍ എംഎല്‍എ പിന്നീടു പ്രത്യേക സംഘത്തിനു നല്‍കിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിനു സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് സര്‍ക്കാരിന്റെ അനുമതി തേടിയത്.
പ്രാഥമിക അന്വേഷണത്തിനു ശേഷമായിരിക്കും കേസെടുത്ത് അന്വേഷിക്കണമോയെന്ന കാര്യത്തില്‍ വിജിലന്‍സ് തീരുമാനമെടുക്കുക. തനിക്കെതിരായ അനധികൃത സ്വത്തു സമ്പാദനമെന്ന ആരോപണത്തില്‍ ഒരു വസ്തുതയുമില്ലെന്നും എഡിജിപി അജിത് കുമാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ലോണ്‍ വിവരങ്ങള്‍, കവടിയാറിലെ വീടു നിർമാണവുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവ വിജിലന്‍സിനു കൈമാറി. ആരോപണത്തിനു പിന്നില്‍ മതമൗലിക വാദികളാണെന്നും പ്രത്യേക ലക്ഷ്യങ്ങളോടെയാണു തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും അജിത് കുമാര്‍ പറഞ്ഞു. വിജിലന്‍സ് സംഘം ഉടന്‍ തന്നെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.