വിഴിഞ്ഞം: ആദ്യഘട്ട നിർമാണത്തിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു; കമ്മിഷനിങ് പിന്നീട്
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവൃത്തിയും ട്രയല്‍ റണ്ണും പൂര്‍ത്തിയായി അദാനി പോര്‍ട്ടില്‍നിന്നു കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് സര്‍ക്കാരിനു ലഭിച്ചു. അഭിമാനനിമിഷം ആണെന്നും കരാര്‍ പ്രകാരം നിശ്ചയിച്ച ഡിസംബര്‍ മൂന്ന് എന്ന കാലപരിധി പാലിക്കാന്‍ കഴിഞ്ഞുവെന്നും തുറമുഖ മന്ത്രി വി.എന്‍.വാസവന് പറഞ്ഞു. മദ്രാസ് ഐഐടി ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയര്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് സര്‍ക്കാരിനു കൈമാറി.
ട്രയല്‍ റണ്ണിന്റെ ഭാഗമായി അള്‍ട്രാ ലാര്‍ജ് മദര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ 70 ചരക്കു കപ്പലുകള്‍ എത്തുകയും 1.47 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി. രണ്ടാംഘട്ടത്തിന്റെ സപ്ലിമെന്ററി കരാര്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു. നാലു ഘട്ടങ്ങള്‍ 2028ഓടു കൂടി പൂര്‍ത്തീകരിച്ച് തുറമുഖം പൂര്‍ണ സജ്ജമാക്കുക എന്നതാണ് ആ കരാറിന്റെ ഉള്ളടക്കം.
മുൻപുണ്ടായിരുന്ന ധാരണയ്ക്കപ്പുറം 2034 മുതല്‍ ഒരു ശതമാനം വരുമാനം സര്‍ക്കാരിന് ലഭിക്കുന്ന തരത്തിലാണ് കരാര്‍ എന്നും മന്ത്രി പറഞ്ഞു. വിസില്‍ എംഡി ദിവ്യ എസ്. അയ്യരും അദാനി പോര്‍ട്സ് അധികൃതരും ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ബോര്‍ഡ് യോഗം ചേര്‍ന്നു തുറമുഖത്തിന്റെ കമ്മിഷനിങ് തീയതി പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.