15 നില അപ്പാർട്മെന്റിലെ അനധികൃത നിർമാണം: ബെംഗളൂരുവിൽ ഒരു ടവർ പൂർണമായി പൊളിക്കണം
Mail This Article
ബെംഗളൂരു∙ നഗരത്തിൽ അനധികൃതമായി നിർമിച്ച 15 നില അപ്പാർട്മെന്റിന്റെ ഒരു ടവർ പൂർണമായും പൊളിച്ചുനീക്കാൻ ബെംഗളൂരു വികസന അതോറിറ്റിക്കു (ബിഡിഎ) ഹൈക്കോടതി നിർദേശം നൽകി. പീനിയയിലെ പ്ലാറ്റിനം സിറ്റി അപ്പാർട്മെന്റിന്റെ ‘എ ബ്ലോക്കാ’ണ് പൊളിച്ചു നീക്കേണ്ടത്. മൊത്തം ഏഴു ടവറുകളാണ് നിർമിച്ചത്.
താമസക്കാരെ ഒഴിപ്പിക്കാനും കമ്പനിയിൽ നിന്നു നഷ്ടപരിഹാരം ലഭ്യമാക്കാനും കർമപദ്ധതി തയ്യാറാക്കണം. ഇതിനു പുറമെ പൊളിച്ചുനീക്കാനുള്ള കമ്പനിയെ തിരഞ്ഞെടുക്കാൻ കരാർ വിളിക്കാനും കോടതി നിർദേശിച്ചു.
2013ൽ അനുമതി ലഭിച്ച രൂപരേഖ ലംഘിച്ച് നിർമാണം നടത്തിയ ഷെറിഫ് കൺസ്ട്രക്‌ഷൻസ് കമ്പനിയോട്, അനധികൃതമായി ഒരു ടവറിന്റെ അനധികൃതമായി നിർമിച്ച മുകൾ ഭാഗം പൊളിച്ചു നീക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. അനധികൃത നിർമാണം ചൂണ്ടിക്കാട്ടി അധികൃതർ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നിഷേധിച്ചതോടെ കമ്പനി കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു ഇത്.
എന്നാൽ മുകൾഭാഗം പൊളിച്ചാൽ കെട്ടിടത്തിനു ബലക്ഷയമുണ്ടാകുമെന്ന് കമ്പനി അറിയിച്ചതിനെ തുടർന്നാണ് ടവർ ഒന്നാകെ ഇടിച്ചു നിരത്താൻ ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ഉത്തരവിട്ടത്.