‘സ്വാഭാവിക നീതി ഉറപ്പാക്കണം’; സിദ്ധാർഥ് കേസിൽ പ്രതികളായ വിദ്യാർഥികളെ ഡീബാർ ചെയ്ത നടപടി റദ്ദാക്കി ഹൈക്കോടതി
Mail This Article
കൊച്ചി ∙ വെറ്ററിനറി സര്‍വകലാശാല വിദ്യാർഥി സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ 17 വിദ്യാർഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. സർവകലാശാല നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അതിനാൽ ഡീബാർ ചെയ്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന്റെ ഉത്തരവ്.
പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നൽകി. വിദ്യാർഥികൾക്ക് മറ്റേതെങ്കിലും കോളജിൽ പ്രവേശനം നേടുന്നതിനുള്ള 3 വർഷത്തെ വിലക്കും കോടതി നീക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് മണ്ണുത്തിയിൽ പഠനം തുടരാൻ അവസരം നൽകണമെന്നും എന്നാൽ ഇത് പുതിയ അന്വേഷണഫലത്തിന് വിധേയമായിരിക്കും എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നാലു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് കോടതി നിർദേശം. കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹർജിക്കാർ എഴുതിയ പരീക്ഷയുടെ ഫലം അന്വേഷണഫലം പുറത്തു വരുന്നതു വരെ പ്രസിദ്ധീകരിക്കരുത്. ഹർജിക്കാരിൽ ആരെങ്കിലും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ആ പരീക്ഷ റദ്ദാക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി.
യുജിസി ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് തങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് എന്ന് വിദ്യാർഥികൾ ഹർജിയിൽ പറഞ്ഞു. തുടർന്നാണ് പുതിയ അന്വേഷണം നടത്താന്‍ നിർദേശം നൽകിയത്. വിദ്യാർഥികളിൽ ഓരോരുത്തർക്കുമെതിരെയുള്ള കുറ്റങ്ങൾ വ്യക്തമാക്കി വേണം നോട്ടീസ് നൽകാൻ. കേസിൽ പ്രതികളായിരുന്ന 19 വിദ്യാർഥികൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ ഹോസ്റ്റലിൽ കണ്ടെത്തിയത്. സഹപാഠികളുടെയും സീനിയേഴ്സിന്റെയും പീഡനവും റാഗിങ്ങും മൂലം സിദ്ധാർഥൻ ജീവനൊടുക്കി എന്നാണ് പ്രോസിക്യൂഷൻ കേസ്.
സ്വാഭാവികനീതി ഉറപ്പാക്കിക്കൊണ്ടുള്ള സുതാര്യമായ അന്വേഷണം ഉറപ്പു വരുത്തേണ്ടതുണ്ട്. ഹർജിക്കാർക്ക് എതിരെയുള്ള ആരോപണങ്ങളിലേക്ക് തങ്ങൾ കടക്കുന്നില്ലെന്നും മറിച്ച് തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാൻ സാധ്യമായ അവസരം അവർക്കു നൽകുന്നുവെന്നേയുള്ളൂ എന്നും കോടതി വ്യക്തമാക്കി. ആന്റി റാഗിങ് സംഘം ചുമത്തിയ ശിക്ഷാവിധിയിൽ ഇടപെടുമ്പോഴും കുറഞ്ഞ സമയത്തിനുള്ളിൽ 97 സാക്ഷിമൊഴികളും നടപടിക്രമങ്ങളും പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിച്ച അവരുടെ നടപടി അഭിനന്ദനാർഹമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ആന്റി റാഗിങ് സ്ക്വാഡിന്റെ ഭാഗത്തെ തെറ്റുകൾ കണ്ടുപിടിക്കലല്ല, മറിച്ച് ഏഴു ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിന്റെ സമ്മർദ്ദത്തിലായിരുന്നു അവരെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്. മാധ്യമങ്ങളും പൊതുസമൂഹവും ഉയർത്തിയ സമ്മർദ്ദവും ഇതിനൊപ്പമുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കിയപ്പോൾ സ്വാഭാവിക നീതിയുടെ നിഷേധം ഉണ്ടായി. ഈ സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ പാലിച്ച് പുതിയ അന്വേഷണം നടത്താൻ ഉത്തരവിടുന്നത് എന്നും കോടതി വ്യക്തമാക്കി.