‘ഒരു കി.മീ. ദൂരത്തില്‍ ഡീസല്‍ വെള്ളത്തിൽ പടര്‍ന്നു; വലിയ വീഴ്ച്ച’: എച്ച്പിസിഎല്ലിനെതിരെ കേസ്
Mail This Article
കോഴിക്കോട്∙ എലത്തൂരിലെ ഇന്ധന ചോര്‍ച്ചയില്‍ എച്ച്പിസിഎല്ലിനെതിരെ (ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്) കേസ് റജിസ്റ്റ്ര്‍ ചെയ്തെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. ഫാക്ടറീസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഗൗരവകരമായ വീഴ്ചയാണുണ്ടായതെന്നും കലക്ടർ പറഞ്ഞു. സെന്‍സര്‍ സംവിധാനം തകരാറിലായതാണ് ചോര്‍ച്ചയ്ക്ക് കാരണം. 1500 ലീറ്റര്‍ ഡീസല്‍ ചോര്‍ന്നുവെന്നാണ് എച്ച്പിസിഎല്‍ അറിയിച്ചത്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഡീസല്‍ വെള്ളത്തിലേക്ക് പടര്‍ന്നിട്ടുണ്ട്. എല്ലാ ജലസ്രോതസ്സും എച്ച്പിസിഎല്‍ ശുചീകരിക്കണം. മണ്ണും ശുദ്ധീകരിക്കേണ്ടതുണ്ട്. ശുചീകരണത്തിനാവശ്യമായ രാസവസ്തുക്കൾ ഇന്ന് രാത്രി തന്നെ മുംബൈയില്‍ നിന്ന് കൊണ്ടുവരും. സംഭവത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടര്‍നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ഇന്ധന പ്ലാന്റിലെ ടാങ്കിൽ നിന്ന് ഇന്ധനം ചോര്‍ന്ന സംഭവത്തില്‍ എച്ച്പിസിഎല്ലിനു വീഴ്ച സംഭവിച്ചെന്ന് പരിശോധന നടത്തിയശേഷം ഡപ്യൂട്ടി കലക്ടര്‍ അനിതകുമാരി പറഞ്ഞു. തഹസിൽദാർ, വില്ലേജ് ഓഫിസർ, ജനപ്രതിനിധികൾ, മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ എന്നിവർ ചേർന്ന് പരിശോധന നടത്തിയശേഷം ചേർന്ന യോഗത്തിലാണ് എച്ച്പിസിഎല്ലിന് വീഴ്ച വന്നുവെന്ന് വിലയിരുത്തിയത്. ഓവര്‍ഫ്ലോ ഉണ്ടായെന്നും അലാം സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നും എച്ച്പിസിഎല്‍ അധികൃതര്‍ സമ്മതിച്ചു.
ടാങ്കിലെ ഇന്ധനം മുഴുവനായി നീക്കം ചെയ്ത് പരിശോധന നടത്തും. ടാങ്കില്‍ ലീക്ക് ഉണ്ടെന്ന് നാട്ടുകാര്‍ ആശങ്ക അറിയിച്ച പശ്ചാത്തലത്തിലാണ് ഇന്ധനം നീക്കി പരിശോധിക്കാനുള്ള തീരുമാനം. തോടുകളിൽ ഇന്ധനം എത്രത്തോളം പരന്നിട്ടുണ്ട് എന്ന് പരിശോധിക്കുമെന്നും ഡപ്യൂട്ടി കലക്ടര്‍ അറിയിച്ചു. തോട് ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്ക് ഇന്ധനം പടര്‍ന്ന സാഹചര്യത്തില്‍ അധികൃതരുമായി ചര്‍ച്ച നടത്തി ജലസ്രോതസുകള്‍ ശുദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മലിനീകരണ നിയന്ത്രണ വിഭാഗം അറിയിച്ചു.
നാലാം തവണയാണ് പ്ലാന്റിൽ നിന്ന് ഇന്ധനം ചോരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ അധികൃതർ തയാറായില്ല. ഇത്രയും വലിയ ചോർച്ചയുണ്ടാകുന്നത് ആദ്യമാണെന്നും നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് പ്ലാന്റിനോട് ചേർന്ന ഓടയിലൂടെ ഡീസൽ ചോരുന്നത് നാട്ടുകാർ കണ്ടത്. അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ ചോർച്ച കാരണം ഡീസൽ ഓടയിലേക്ക് ഒഴുകുകയായിരുന്നെന്നും ചോർച്ച അടച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ, രണ്ടര മണിക്കൂറിനു ശേഷവും ഓടയിലൂടെ ഡീസൽ ചോർന്നതോടെ നാട്ടുകാർ പ്രതിഷേധം നടത്തിയിരുന്നു.