വ്യവസായി അബ്ദുൽ ഗഫൂർ മരിച്ചതല്ല, കൊന്നതാണ്; 596 പവൻ തട്ടിയെടുത്തു, മന്ത്രവാദിനിയും സംഘവും അറസ്റ്റിൽ
Mail This Article
കാസർകോട് ∙ ബേക്കൽ പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിന്റെ ദുരൂഹമരണം കൊലപാതകം. മന്ത്രവാദിനിയും ഭർത്താവും ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023 ഏപ്രിലിലായിരുന്നു ഗഫൂറിന്റെ മരണം. മന്ത്രവാദത്തിലൂടെ ഇരട്ടിപ്പിച്ചു നൽകാമെന്നു പറഞ്ഞ് 596 പവൻ സ്വർണം ഇവർ ഗഫൂറിൽനിന്നു തട്ടിയെടുത്തിരുന്നു. ഇതു തിരിച്ചു നൽകാതിരിക്കാനായിരുന്നു കൊലപാതകം.
അബ്ദുൽ ഗഫൂറിന്റെ വീട്ടിൽനിന്നു 4 കിലോയിലേറെ തൂക്കമുള്ള (596 പവൻ) സ്വർണാഭരണങ്ങൾ ആരുടെ കയ്യിൽ എത്തിയെന്ന അന്വേഷണമാണു നാലംഗ സംഘത്തിന്റെ അറസ്റ്റിലേക്ക് എത്തിയത്. ആഭിചാരക്രിയകളുടെ ഭാഗമായി ഗഫൂറിന്റെ തല ഭിത്തിയിലിടിപ്പിച്ചു കൊല്ലുകയായിരുന്നു എന്നാണു നിഗമനം. പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽ റഹ്മയിൽ എം.സി.അബ്ദുൽ ഗഫൂറിനെ (55) 2023 ഏപ്രിൽ 14നു പുലർച്ചെയാണു വീട്ടിൽ ആരുമില്ലാത്ത സമയത്തു കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മകളും മകന്റെ ഭാര്യയും ഈ സമയത്തു ബന്ധുവീട്ടിലായിരുന്നു.
മരണത്തിലും ആഭരണങ്ങൾ കാണാതായതിനു പിന്നിലും, ദുർമന്ത്രവാദം നടത്തുന്ന യുവതിയെയും ഭർത്താവിനെയും സംശയിക്കുന്നതായി വീട്ടുകാർ പരാതി നൽകി. ദുർമന്ത്രവാദിനിയുടെ സഹായികളായ 2 സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ബാങ്കിലെ പണമിടപാടുകളെക്കുറിച്ച് ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണു നൽകിയത്. തുടർന്നു അക്കൗണ്ടിലെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു. മന്ത്രവാദി സംഘത്തിലുള്ള ചിലരുടെ ഫോൺ ലൊക്കേഷൻ സംഭവ ദിവസം പ്രദേശത്തു കണ്ടെത്തി. ഗഫൂറും മന്ത്രവാദിനിയും കൈമാറിയ വാട്സാപ് സന്ദേശങ്ങളും വീണ്ടെടുത്തു. ഗഫൂറിൽനിന്നു മന്ത്രവാദിനി 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും നേരത്തേ കൈപ്പറ്റിയതിന്റെ രേഖകളും കണ്ടെത്തിയിരുന്നു.