യാത്ര ആഡംബര കാറിൽ, ലക്ഷങ്ങൾ വായ്പ തീർക്കാൻ ഒറ്റദിവസം; ഗഫൂറിൽനിന്ന് മന്ത്രവാദിനി സംഘം തട്ടിയത് 596 പവൻ
Mail This Article
കാസർകോട് ∙ പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ മരണവും വീട്ടിൽനിന്നു മൂന്നര കോടിയിലേറെ രൂപയുടെ സ്വർണാഭരണങ്ങൾ കാണാതായെന്ന ആരോപണത്തിലും നിർണായക വഴിത്തിരിവ്. ഏറെ കോളിളക്കം സൃഷ്ടിച്ച, എം.സി.അബ്ദുൽ ഗഫൂറിന്റെ (ഗഫൂർ ഹാജി–55) മരണവുമായി ബന്ധപ്പെട്ടു മന്ത്രവാദിനിയും ഭർത്താവും 2 സ്ത്രീകളും അടക്കം 4 പേരെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. സ്വർണം കൈക്കലാക്കിയ ഈ സംഘം ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. മരണത്തിനു പിന്നാലെ കാണാതായ 596 പവൻ ആഭരണങ്ങൾ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിച്ചു. ജില്ലയിലെ സ്വർണ വ്യാപാരികളിൽനിന്ന് ആഴ്ചകൾക്കുമുൻപ് ഇതുസംബന്ധിച്ച് മൊഴിയെടുത്തിരുന്നു.
മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38), രണ്ടാം പ്രതിയും ഉബൈദിന്റെ ഭാര്യയുമായ ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ (38), മൂന്നാം പ്രതി അസ്നീഫ (34), നാലാം പ്രതി വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആയിഷ (40) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നിർദേശ പ്രകാരം ഡിസിആർബി ഡിവൈഎസ്പി കെ.ജെ.ജോൺസൺ, ബേക്കൽ ഇൻസ്പെക്ടർ കെ.പി.ഷൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പിതാവിന്റെ മരണത്തിലും, ആഭരണങ്ങൾ കാണാതായതിനു പിന്നിലും ആഭിചാരക്രിയ നടത്തുന്ന ജിന്നുമ്മയുടെയും ഇവരുടെ ഭർത്താവായ യുവാവിനെയും സംശയമുണ്ടെന്നു ഗഫൂറിന്റെ മകൻ ബേക്കൽ പൊലീസിലും മുഖ്യമന്ത്രിക്കും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷണം ഏൽപിച്ചത്.
ജിന്നുമ്മയുടെ സഹായികളായി പ്രവർത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളിൽ വലിയ തുക നിക്ഷേപം വന്നതായി പൊലീസ് കണ്ടെത്തി. ഇതിനെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ബാങ്കിലെ അക്കൗണ്ട് വിവരങ്ങളിലേക്ക് എത്തിയ പണമിടപാടുകളെക്കുറിച്ചു ചോദിച്ചപ്പോൾ ഇവർ പരസ്പര വിരുദ്ധമായ മറുപടിയാണു നൽകിയിരുന്നത്. തുടർന്നു അക്കൗണ്ടിലെ മുഴുവൻ വിവരങ്ങളും ബാങ്കിൽനിന്നു പൊലീസ് ശേഖരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോൾ പൊലീസ് സംഘം മർദിച്ചു എന്നാരോപിച്ച് കഴിഞ്ഞ് 3ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വനിത പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ആരോപണ വിധേയരായ സ്ത്രീകളെ വിശദമായി ചോദ്യം ചെയ്തത്. പൊലീസ് വിഡിയോ റിക്കാർഡ് ചെയ്തിട്ടുണ്ട്. തൊഴിലില്ലാത്ത സ്ത്രീകളായ ഇവർ വാടക വീടുകളിലാണു താമസിക്കുന്നതെന്നും ആഡംബര കാറുകളിലാണു യാത്രകളൊന്നും വാഹനത്തിനു വായ്പ ഇല്ലെന്നും കണ്ടെത്തി. ഈ അക്കൗണ്ടിലേക്ക് എത്തിയ പണമിടപാടുകളെക്കുറിച്ചാണു പ്രധാനമായി അന്വേഷിക്കുന്നത്.
വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സഹായികളിൽ ചിലർ ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങൾ അടച്ച് വാഹന വായ്പ തീർത്തതും മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോൺ ലൊക്കേഷൻ സംഭവ ദിവസം പൂച്ചക്കാട് പ്രദേശത്തു കണ്ടെത്തിയതും അടക്കമുള്ള തെളിവുകൾ ശേഖരിച്ചെന്നാണു സൂചന. മരിച്ചയാളും മന്ത്രവാദിനിയും തമ്മിൽ കൈമാറിയ സമൂഹമാധ്യമ സന്ദേശങ്ങളും പൊലീസ് വീണ്ടെടുത്തു. മുൻപ് ഹണിട്രാപ്പിൽപ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ 14 ദിവസം ജിന്നുമ്മയും ഭർത്താവും റിമാൻഡിലായിരുന്നു. ജോലിക്കുനിന്ന വീട്ടിൽനിന്നു സ്വർണം കവർന്ന കേസിലും ജിന്നുമ്മ നേരത്തേ റിമാൻഡിലായിരുന്നു.
ഗൾഫിൽ നിരവധി സൂപ്പർ മാർക്കറ്റുകളും സംരംഭങ്ങളും ഉള്ള ജീവകാരുണ്യ പ്രവർത്തകനായിരുന്ന ഗഫൂർ ഹാജിയെ കഴിഞ്ഞ വർഷം ഏപ്രിൽ 14ന് പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുണ്യ മാസത്തിലെ 25-ാം നാളിലെ മരണമായതിനാൽ മറ്റൊന്നും ചിന്തിക്കാതെ അന്നുതന്നെ മൃതദേഹം കബറടക്കി. പിറ്റേന്നു മുതൽ ഗഫൂർ വായ്പ വാങ്ങിയ സ്വർണാഭരണങ്ങൾ അന്വേഷിച്ചു ബന്ധുക്കൾ വീട്ടിലേക്ക് എത്തിയപ്പോഴാണ് ആകെ 596 പവൻ നഷ്ടമായെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം തിരിച്ചറിയുന്നത്. മകന്റെ പരാതിക്കു പിന്നാലെ ഏപ്രിൽ 27ന് കബറിടത്തിൽനിന്നു മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. പിറ്റേന്നു നാട്ടുകാർ ആക‍്ഷൻ കമ്മിറ്റി രൂപീകരിച്ചു. മേയ് 24ന് സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ നേതൃത്വത്തിൽ കർമസമിതി പൂച്ചക്കാട് സദസ്സ് നടത്തി. ജൂണിൽ 10000 പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരിട്ടു നൽകി. പിന്നീട് ജില്ലയിലെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിൽ പൂച്ചക്കാട്ടെ വീട്ടിലെത്തി.
കഴിഞ്ഞ ജനുവരി 23ന് ബേക്കൽ പൊലീസ് സ്റ്റേഷനു മുന്നിൽ കർമസമിതി ധർണയും മാർച്ച് 5ന് ബേക്കൽ സ്റ്റേഷനു മുന്നിൽ അമ്മമാരുടെ കണ്ണീർ സമരവും നടന്നു. അന്വേഷണ സംഘം ഈ കേസുമായി ബന്ധപ്പെട്ടു നാൽപതോളം പേരെ ചോദ്യം ചെയ്തു. 2023 ഏപ്രിൽ 14നു ശേഷം ഗൾഫിലേക്കു കടന്ന ചിലരെ തിരികെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമവുമുണ്ടായി. മരണത്തിലും ആഭരണങ്ങൾ കാണാതായതിനു പിന്നിലും, ദുർമന്ത്രവാദം നടത്തുന്ന മാങ്ങാടിനടുത്തെ യുവതിയെയും ഇവരുടെ പങ്കാളിയായ യുവാവിനെയും സംശയിക്കുന്നതായാണു മകൻ നൽകിയ പരാതിയിലുള്ളത്. ഇവർ നുണ പരിശോധനയ്ക്കു ആദ്യം സമ്മതം അറിയിച്ചെങ്കിലും പിന്നീട് കോടതിയിൽ വിസമ്മതിച്ചു. ദുർമന്ത്രവാദിനിയുടെ സഹായികളായ മധുർ, പൂച്ചക്കാട് സ്വദേശിനികളായ 2 സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അന്വേഷണ സംഘം കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തിരുന്നു.