കേരളത്തിന്റെ ഐടി സ്വപ്‌നങ്ങളെ തച്ചുടച്ച് ടീകോം, കാടുപിടിച്ച് 246 ഏക്കർ; സ്മാർട് സിറ്റി പദ്ധതിയെ പിന്നോട്ടടിക്കുന്നതാര്?
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ യുവതലമുറയുടെ ഐടി തൊഴില്‍ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തിയാണ് 20 വര്‍ഷം കഴിഞ്ഞും എങ്ങുമെത്താതെ കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി തകര്‍ന്നടിഞ്ഞത്. അധികൃതരുടെ കെടുകാര്യസ്ഥയുടെ നേര്‍സാക്ഷ്യമാകുകയാണ് സ്മാർട് സിറ്റി പദ്ധതി. പദ്ധതി നടപ്പാക്കാനെത്തിയ ദുബായ് ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സ് കമ്പനിയെ ഒഴിവാക്കി രണ്ടു പതിറ്റാണ്ടിനിപ്പുറം 246 ഏക്കര്‍ തിരിച്ചുപിടിച്ച് പുതിയ സംരംഭകരെ തേടുകയാണ് സര്‍ക്കാര്‍. ഇത്രയും വര്‍ഷത്തിനിടെ എന്തുകൊണ്ടാണ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു ഇടപെടലും സര്‍ക്കാരുകള്‍ നടത്താതിരുന്നത് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
കരാര്‍ പ്രകാരം നിര്‍മാണം നടക്കാതെ, സ്ഥലം കാടുപിടിച്ചു കിടന്നിട്ടും വാഗ്‌ദാനം അനുസരിച്ചുള്ള 90,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാതിരുന്നിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാതിരുന്നു എന്നതും ദുരൂഹമാണ്. 2007ല്‍ ഒപ്പിട്ട ഫ്രെയിം വര്‍ക്ക് കരാറില്‍ സര്‍ക്കാര്‍ ഏതു തരത്തിലാണ് പദ്ധതിയില്‍ ഇടപേടേണ്ടതെന്ന് കൃത്യമായി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഒരു തരത്തിലുള്ള നിരീക്ഷണ, മേല്‍നോട്ട നടപടികളും ഉണ്ടായിട്ടില്ല എന്ന് ഐടി രംഗത്തെ വിദഗ്ധര്‍ ഉള്‍പ്പെടെ ആക്ഷേപിക്കുന്നു. ഓരോ ഘട്ടത്തിലും സര്‍ക്കാര്‍ കൃത്യമായി വിലയിരുത്തല്‍ നടത്തിയിരുന്നെങ്കില്‍ സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതി ഇത്രവലിയ പരാജയമായി മാറില്ലായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ഥലപരിമിതി മൂലം കൊച്ചി വീര്‍പ്പുമുട്ടുമ്പോള്‍ പദ്ധതിക്കു പാട്ടത്തിനു നല്‍കിയ 246 ഏക്കര്‍ ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു. നൂറോളം കമ്പനികളാണ് ഭൂമിക്കായി കാത്തുനില്‍ക്കുന്നതെന്നാണ് മന്ത്രി പി.രാജീവ് പറയുന്നത്. അങ്ങനെയെങ്കില്‍ ഇത്ര വര്‍ഷം എന്തിനു സര്‍ക്കാര്‍ പാഴാക്കിയെന്ന ചോദ്യത്തിനും അധികൃതര്‍ ഉത്തരം പറയേണ്ടിവരും. 2015ലെ കണക്കനുസരിച്ച് 92.3 കോടി രൂപയാണ് സര്‍ക്കാര്‍ പദ്ധതിക്കായി ചെലവഴിച്ചത്. ഇതില്‍ 66 കോടിയിലേറെയും ഭൂമി ഏറ്റെടുക്കലിനാണ് ഉപയോഗിച്ചത്. ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനവും വിവാദത്തിനു തുടക്കമിട്ടിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതില്‍ ടീകോമിനാണു വീഴ്ച പറ്റിയതെങ്കില്‍ എന്തിനാണ് അവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
2007ലെ കരാര്‍ പ്രകാരം വിജ്ഞാനാധിഷ്ഠിത ഐടി ടൗണ്‍ഷിപ്പ് വികസിപ്പിക്കുക എന്നതായിരുന്നു ടീകോമിന്റെ ചുമതല. കേരളത്തിന്റെ സാമ്പത്തികവികസനം ത്വരിതപ്പെടുത്തുന്ന തരത്തില്‍ ടീകോം പദ്ധതി നടപ്പാക്കണമെന്നും കരാറില്‍ പറയുന്നു. ക്ലോസിങ് ഡേറ്റില്‍നിന്നു 10 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 90,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണം. കേരളത്തെ രാജ്യാന്തര ഐടി ഹബ്ബാക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ടീകോം പിന്തുണ നല്‍കണമെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കരാര്‍ ഒപ്പിട്ട് 17 വര്‍ഷം പാഴാക്കിയ ശേഷം പല കാരണങ്ങള്‍ പറഞ്ഞ് ടീകോം പദ്ധതിയില്‍നിന്ന് ഒഴിയുമ്പോള്‍ തിരിച്ചടിയാകുന്നത് സംസ്ഥാനത്തിന്റെ ഐടി പ്രതീക്ഷകള്‍ക്കാണ്.
രണ്ടു പതിറ്റാണ്ടു മുന്‍പ്, നീണ്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കു ശേഷമാണ് സ്മാര്‍ട് സിറ്റി പദ്ധതിക്കു തുടക്കമായത്. 2005ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതിയാണെങ്കിലും നിശ്ചിത ശതമാനം സ്ഥലത്തിന്മേല്‍ സ്വതന്ത്ര അവകാശം (ഫ്രീ ഹോള്‍ഡ്) വേണമെന്ന ദുബായ് കമ്പനിയുടെ നിബന്ധനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നതോടെ പദ്ധതി മരവിച്ചു. പിന്നീടുവന്ന വി.എസ്. സര്‍ക്കാര്‍ 2011ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് വ്യവസ്ഥകളില്‍ ഭേദഗതികളോടെ കരാര്‍ ഒപ്പുവച്ചു. പക്ഷേ, ആദ്യ ഐടി മന്ദിരം പൂര്‍ത്തിയാക്കി ചില കമ്പനികള്‍ക്ക് ഇടം നല്‍കിയതല്ലാതെ കാര്യമായൊന്നും സംഭവിച്ചില്ല. പിന്നീടു കോ ഡവലപ്പര്‍മാരുമായി ചേര്‍ന്നു പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിച്ചെങ്കിലും സമയബന്ധിതമായി പൂര്‍ത്തിയാക്കാനായില്ല. അതിനിടെ, ദുബായ് ഹോള്‍ഡിങ് ഗ്രൂപ്പിലുണ്ടായ നേതൃമാറ്റങ്ങളും പദ്ധതിയെ പിന്നോട്ടടിച്ചു.
പദ്ധതി സംബന്ധിച്ച് സര്‍ക്കാരും ടീകോമും തമ്മില്‍ 2007 മേയ് 13ന് ഒപ്പുവച്ച് ഫ്രെയിം വര്‍ക്ക് കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ക്ലോസിങ് തീയതി മുതല്‍ 10 വര്‍ഷത്തിനകം 88 ലക്ഷം ചതുരശ്ര അടി നിര്‍മാണ വിസ്തൃതിയോടെ കെട്ടിടങ്ങള്‍ നിര്‍മിച്ച് 90,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടായിരുന്നു. ക്ലോഷര്‍ ഡേറ്റ് മുതൽ എന്ന് കരാറിൽ പറഞ്ഞ് കമ്പനിക്ക് പദ്ധതി നീട്ടിക്കൊണ്ടുപോകാന്‍ അവസരം നല്‍കിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ആ വ്യവസ്ഥ മാറ്റാന്‍ പിന്നീട് സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. 88 ലക്ഷം ചതുരശ്ര അടിയില്‍ 67 ലക്ഷം ചതുരശ്ര അടിയാണ് ഐടി, ഐടിഇഎസ് ആവശ്യങ്ങള്‍ക്കായി നീക്കിവച്ചിരുന്നത്. കരാര്‍ പ്രകാരം സ്മാര്‍ട് സിറ്റി കമ്പനിയുടെ ഓതറൈസ്ഡ് ഷെയര്‍ കാപിറ്റല്‍ 680 കോടിയും പെയ്ഡ് അപ്പ് ഷെയര്‍ കാപിറ്റല്‍ 120 കോടിയും സര്‍ക്കാരിന്റെ ഷെയര്‍ 31.2 കോടിയും ആയിരുന്നു. ടീകോം കമ്പനിക്ക് 84 % ആയിരുന്നു ഓഹരി. 104 കോടി രൂപ ഒറ്റത്തവണ പാട്ടത്തുകയായി ടീംകോം കമ്പനി സര്‍ക്കാരിനു നല്‍കിയിരുന്നു. ആകെ ഭൂമിയുടെ 12 ശതമാനത്തില്‍ ടീകോം കമ്പനിക്ക് സ്വതന്ത്ര അവകാശത്തിന് അര്‍ഹതയും കരാര്‍ നല്‍കിയിരുന്നു. 232 ഏക്കര്‍ പ്രത്യേക സാമ്പത്തിക മേഖലയായി വിജ്ഞാപനം ചെയ്തിരുന്നു. ഒന്നാം ഘട്ടത്തില്‍ ഏകദേശം 5,500 പേര്‍ക്കു ജോലി ലഭ്യമാകുന്ന 6.5 ലക്ഷം ചതുരശ്ര അടി ഐടി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതിനൊപ്പം ആദ്യഘട്ടത്തിലെ പാലം, 3.7 കി.മീ നാലുവരിപ്പാത, കാനകള്‍, കേബിള്‍ ട്രെഞ്ച്, സബ് സ്‌റ്റേഷന്‍ എന്നിവയുടെ നിര്‍മാണവും പൂര്‍ത്തിയാക്കി.
ആദ്യഘട്ടത്തില്‍ പദ്ധതി നടത്തിപ്പില്‍ സര്‍ക്കാര്‍ വലിയ ശ്രദ്ധയാണ് വച്ചിരുന്നത്. ഡയറക്ടര്‍ ബോര്‍ഡിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ ഓരോ ഘട്ടത്തിലും പ്രവർത്തന പുരോഗതി വിലയിരുത്തിയിരുന്നു. വിവിധ വകുപ്പുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും പങ്കാളിത്തത്തോടെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ റിവ്യൂ യോഗങ്ങളും നടത്തി. അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ഫോര്‍ട്ട് കൊച്ചി സബ് കലക്ടറെ നോഡല്‍ ഓഫിസര്‍ ആയി നിയമിക്കുകയും ചെയ്തിരുന്നു. 2021 ആകുമ്പോഴേക്കും പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് സ്മാര്‍ട് സിറ്റി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പ്രവര്‍ത്തനം തുടങ്ങി 13 വര്‍ഷം കഴിഞ്ഞും കാര്യമായ നിക്ഷേപം ആകര്‍ഷിക്കാനോ വാഗ്ദാനം ചെയ്ത തൊഴില്‍ ലഭ്യമാക്കാനോ കഴിഞ്ഞില്ല. വമ്പന്‍ ഐടി ക്യാംപസായി സ്മാര്‍ട് സിറ്റിയെ മാറ്റുമെന്നാണ് 2011ല്‍ ധാരണാപത്രം ഒപ്പുവയ്ക്കുമ്പോള്‍ അന്നത്തെ വി.എസ്.സര്‍ക്കാരും ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സും ആവര്‍ത്തിച്ചു വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, ഇതുവരെ പതിനായിരത്തില്‍ താഴെ പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്. ആഗോളതലത്തിലെ വന്‍കിട കമ്പനികളൊന്നും വന്നതുമില്ല. ഐടി മേഖലയിലെയും അല്ലാത്തതുമായ 37 കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. നിര്‍മാണ പങ്കാളികളായ ആറ് കമ്പനികളുടെ നേതൃത്വത്തില്‍ ഇപ്പോഴും നിര്‍മാണങ്ങള്‍ നടക്കുന്നുണ്ട്.
വിഖ്യാതമായ ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ മാതൃകയില്‍ ആഗോള ഐടി സിറ്റി കെട്ടിപ്പെടുക്കുകയെന്ന സ്വപ്‌നം തകര്‍ന്നടിഞ്ഞെങ്കിലും വീണ്ടും പ്രതീക്ഷയോടെ മുന്നോട്ടു പോകാനാണ് സര്‍ക്കാരിന്റെ ശ്രമം. മറ്റൊരു നിക്ഷേപ പങ്കാളിയെ കണ്ടെത്തുകയാണ് ആദ്യവഴി. താല്‍പര്യമുള്ള നിക്ഷേപകര്‍ എത്തിയാല്‍ പുതുക്കിയ വ്യവസ്ഥകളോടെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാം. അതല്ലെങ്കില്‍ തൊട്ടുകിടക്കുന്ന ഇന്‍ഫോപാര്‍ക്കിനു സ്മാര്‍ട്ട് സിറ്റിയുടെ സ്ഥലവും കെട്ടിടങ്ങളും കൈമാറാം. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഇന്‍ഫോപാര്‍ക്ക് ഒന്നും രണ്ടും ഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കൂടുതല്‍ കമ്പനികള്‍ക്ക് ഇടം നല്‍കാന്‍ കഴിയാത്തവിധം സ്ഥല ദൗര്‍ലഭ്യത്താല്‍ വലയുകയാണ്. 152 കമ്പനികളാണ് ഇന്‍ഫോപാര്‍ക്കില്‍ സ്ഥലം തേടി കാത്തുനില്‍ക്കുന്നത്. സ്മാര്‍ട്ട് സിറ്റിയുടെ സ്ഥലം ലഭ്യമായാല്‍ ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടമായി വികസിപ്പിച്ച് കൂടുതല്‍ ഐടി കമ്പനികളെ ആകര്‍ഷിക്കുക വഴി വികസനസ്വപ്‌നങ്ങള്‍ക്കു വീണ്ടും മിഴിവേകാന്‍ കഴിയും.