പൂജാ ബംപർ ഭാഗ്യവാൻ കരുനാഗപ്പള്ളിയിൽ; നവീൻ ബാബു കേസിൽ സിബിഐ വേണ്ടെന്ന് സർക്കാർ: പ്രധാനവാർത്തകൾ
Mail This Article
കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയില്‍നിന്ന് ഒഴിവാകുന്ന ദുബായ് ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സ് കമ്പനിക്ക് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം 2007ല്‍ ഒപ്പുവച്ച ഫ്രെയിംവര്‍ക്ക് കരാറിനു വിരുദ്ധമെന്ന കണ്ടെത്തലായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ച മൂലം പദ്ധതി പരാജയപ്പെട്ടാല്‍ കമ്പനിയാണു നഷ്ടപരിഹാരം നല്‍കേണ്ടത്.
യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് വേണ്ടിയുള്ള ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപിച്ചെന്നത് ഇന്നത്തെ പ്രധാനവാർത്തകളിലൊന്നായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം.
വിവാദമായ മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സംസ്ഥാന സർക്കാർ ഇന്ന് വ്യക്തമാക്കി. ഹൈക്കോടതിയെ നാളെ ഇക്കാര്യം അറിയിക്കാനാണ് തീരുമാനം. പൊലീസ് അന്വേഷണത്തിൽ പാളിച്ചകളില്ലെന്നും ശരിയായ ദിശയിലാണെന്നുമാണ് സർക്കാർ നിലപാട്.
വഞ്ചിയൂരില്‍ സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി സമ്മേളനത്തിനു വേണ്ടി റോഡിന്റെ ഒരു വശം കെട്ടിയടച്ച് വേദി തീര്‍ത്തതോടെ വന്‍ഗതാഗതക്കുരുക്കില്‍ ജനം വലഞ്ഞു. ആംബുലന്‍സുകള്‍ അടക്കം നൂറു കണക്കിനു വാഹനങ്ങളാണ് കുരുക്കിൽപ്പെട്ടത്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ വാഹനങ്ങളില്‍ കുടുങ്ങി.
പൂജാ ബംപർ ലോട്ടറിയടിച്ച ഭാഗ്യവാൻ കരുനാഗപ്പള്ളി സ്വദേശിയായ ദിനേശ് കുമാർ. 12 കോടിയുടെ ഒന്നാം സമ്മാനമാണു ദിനേശിനു കിട്ടിയത്. നികുതികൾ പിടിച്ചശേഷം 6.18 കോടി രൂപയാണു ദിനേശിനു കയ്യിൽ കിട്ടുക. കൊല്ലത്തു വിറ്റ ജെസി 325526 എന്ന ടിക്കറ്റിനാണു ബംപറടിച്ചത്.