‘പെർഫോം ചെയ്യാത്തത് ആര്? സ്മാർട് സിറ്റി ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കം ദുരൂഹം; സ്വന്തക്കാർക്ക് കൊടുക്കാൻ നീക്കം’
Mail This Article
തിരുവനന്തപുരം∙ സ്മാർട് സിറ്റി ഭൂമി തിരിച്ചുപിടിക്കാനും ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നൽകാനുമുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരോടും ചർച്ചയില്ലാതെയാണ് മന്ത്രിസഭ കൂടി തീരുമാനം എടുത്തതെന്നും ദുരൂഹതകൾ നിറഞ്ഞ തീരുമാനം ഇഷ്ടക്കാർക്ക് ഈ ഭൂമി നൽകാനുള്ള ഗൂഢനീക്കമാണെന്നും വി.ഡി.സതീശൻ ആരോപിച്ചു.
‘‘സ്മാർട് സിറ്റി പദ്ധതി അവസാനപ്പിക്കാനുള്ള തീരുമാനം വിചിത്രമാണ്. ആരാണ് ഇതിന്റെ ഉത്തരവാദി? 90,000 പേർക്ക് ജോലി കൊടുക്കുന്ന സംരംഭം അട്ടിമറിക്കപ്പെട്ടു. ടീകോമിന് നഷ്ടപരിഹാരം കൊടുക്കാൻ പോകുന്നവെന്ന് പറഞ്ഞാൽ, സർക്കാരിന് വീഴ്ച സംഭവിച്ചു എന്നല്ലേ അർഥം. കഴിഞ്ഞ 8 വർഷമായി പദ്ധതിക്ക് എന്താണ് സംഭവിച്ചത്. ഒരു മേൽനോട്ടവും സർക്കാർ നിർവഹിച്ചില്ല. മുഖ്യമന്ത്രിയോ വ്യവസായ മന്ത്രിയോ പദ്ധതിയെ കുറിച്ച് അന്വേഷിച്ചില്ല. ദുരൂഹതകൾ നിറഞ്ഞ നടപടിയാണ് സർക്കാരിന്റെത്. കോടിക്കണക്കിന് രൂപയുടെ ഭൂമിയാണ് തിരിച്ചുപിടിക്കുന്നത്. തിരിച്ചുപിടിക്കുന്ന 248 ഏക്കർ ഭൂമി സ്വന്തക്കാർക്ക് ഇഷ്ടക്കാർക്കും നൽകാനുള്ള ഗൂഡനീക്കമാണ് നടക്കുന്നത്.’’ – സതീശൻ ആരോപിച്ചു.
‘‘ഭൂമി കച്ചവടമാണ് നടക്കുന്നത്. പദ്ധതി എന്തുകൊണ്ട് പരാജയപ്പെട്ടു? 2016ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് സ്മാർട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തത്. ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങി വച്ച പദ്ധതി അന്ന് എൽഡിഎഫ് ബഹിഷ്കരിച്ചു. 6.5 ലക്ഷം ചതുരശ്ര അടിയിൽ ഐടി ടവർ ഉദ്ഘടാനം അന്ന് ചെയ്തിരുന്നു. 2016 ഫെബ്രുവരിയിലായിരുന്നു ഉദ്ഘാടനം. നടന്നത്. 8 വർഷം എന്തു ചെയ്തു ഈ സർക്കാർ?’’ – വി.ഡി.സതീശൻ ചോദിച്ചു.