‘ഇടിമുറിയിൽ’ ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് മർദനം: സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ
Mail This Article
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ സഹപാഠികൾ മർദിക്കുകയും ശാരീരിക വൈകല്യത്തെക്കുറിച്ച് പറഞ്ഞ് അപമാനിക്കുകയും ചെയ്തെന്ന പരാതിയിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. ഫലപ്രദമായ അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. മർദനത്തിന് ഇരയായ വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തണമെന്നും പരാതിയിലുള്ള സംഭവങ്ങളെ കുറിച്ച് വ്യക്തമായ ചിത്രം റിപ്പോർട്ടിലുണ്ടാകണമെന്നും കമ്മിഷൻ നിർദേശിച്ചു.
വിദ്യാർഥിയുടെ ആരോപണങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തി കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജില്ലാ പൊലീസ് മേധാവിയും കോളജ് വിദ്യാഭ്യാസ ഡയറക്ടറും നിയോഗിക്കുന്ന രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ ജനുവരി 14ന് രാവിലെ 10ന് കേസ് പരിഗണനയ്ക്കെടുക്കുമ്പോൾ കമ്മിഷൻ ഓഫിസിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. മർദനമേറ്റ പുനലാൽ സ്വദേശിയായ വിദ്യാർഥിയുടെ പരാതിയിലാണ് നടപടി.
എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ മുഹമ്മദ് അനസിന്റെ സ്വാധീനമില്ലാത്ത കാല്‍ചവിട്ടി ഞെരിച്ച് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ചന്ദ് ഭീഷണിപ്പെടുത്തി എന്നാണു പരാതി. കോളജിലേക്കു ചെല്ലാനുള്ള ഭയം മൂലം പ്രിന്‍സിപ്പലിനു പരാതി ഇ–മെയിലായി നല്‍കിയെങ്കിലും ആര്‍ക്കെതിരെയും നടപടിയെടുത്തില്ല. കൊടി കെട്ടാന്‍ മരത്തില്‍ കയറാനും ഇറങ്ങാനുമുള്ള നേതാക്കളുടെ കല്‍പന കാലിനു സ്വാധീനമില്ലാത്തതിനാല്‍ അനുസരിക്കാതിരുന്നതിനു പ്രതികാരമായി കോളജിലെ ഇടിമുറിയിലായിരുന്നു മര്‍ദനം. പൊലീസിനു നല്‍കിയ പരാതിയില്‍ അമല്‍ചന്ദ്, വിധു ഉദയ, മിഥുന്‍, അലന്‍ ജമാല്‍ എന്നീ എസ്എഫ്‌ഐ നേതാക്കളെ പ്രതികളാക്കി ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തെങ്കിലും ആരെയും പിടികൂടിയിട്ടില്ല. പ്രതികള്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്.