ADVERTISEMENT

കൊച്ചി ∙ ‘‘5 വർഷം മുൻപെങ്കിലും എടുക്കേണ്ട തീരുമാനമാണ് ഇപ്പോൾ എടുത്തത്. 2017ൽ തന്നെ ദുബായ്ക്ക് പുറത്തുള്ള പദ്ധതികളെല്ലാം അവസാനിപ്പിക്കാൻ ടീകോമിന്റെ മാതൃകമ്പനി തീരുമാനിച്ചതാണ്. 5 വർഷം കൂടി കൊടുത്താലും ഇത് ഇങ്ങനെ തന്നെ കിടക്കുകയേ ഉള്ളൂ.’’, സ്മാർട് സിറ്റി പദ്ധതിയിൽനിന്ന് ദുബായ് ടീകോം ഇൻവെസ്റ്റേഴ്സിനെ പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ ഒഴിവാക്കാനുള്ള തീരുമാനത്തോട് ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രമുഖരിലൊരാൾ പ്രതികരിച്ചത് ഇങ്ങനെയാണ്. ലോകത്തെ വലിയൊരു ഐടി ഹബ്ബായി കൊച്ചിയെ വളർത്തിയെടുക്കുമെന്ന പ്രഖ്യാപനത്തോടെ കൊണ്ടുവന്ന സ്മാർട് സിറ്റിയുടെ ഭാവി എന്താകും എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഇൻഫോപാർക്ക് ഏറ്റെടുക്കുമോ അതോ സർക്കാരിന്റെ ഉടമസ്ഥതയിൽ തന്നെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കമ്പനികൾ കടന്നു വരുമോ തുടങ്ങിയ ചർച്ചകളും സജീവമാണ്. 

പുതിയ തീരുമാനത്തെച്ചൊല്ലി പുറത്തു വലിയ ചർച്ചകൾ നടക്കുമ്പോഴും 246 ഏക്കർ‍ വരുന്ന സ്മാർട് സിറ്റിക്കുള്ളിൽ അതിന്റേതായ അനക്കങ്ങളൊന്നുമില്ല. മാധ്യമങ്ങള്‍ പ്രവേശിക്കാതെ ശ്രദ്ധയോടെ നിൽക്കുന്ന സുരക്ഷാ ജീവനക്കാരും അങ്ങിങ്ങായി കാണുന്ന ചില നിർമാണ പ്രവർത്തനങ്ങളും നടപ്പാതകളിലെ പുല്ലും മറ്റും നീക്കം ചെയ്യുന്ന തൊഴിലാളികളും ഒഴിച്ചാൽ ശാന്തമാണ് സ്മാർട് സിറ്റി. ഇൻഫോപാർക്ക്–രണ്ടിന്റെ നേരെ എതിർവശത്താണെങ്കിലും കവാടം കടന്നാൽ കാര്യമായ ശ്രദ്ധയൊന്നും കൊടുക്കാതെ, ചില സ്ഥലങ്ങളിൽ കാടുവരെ കയറിക്കിടക്കുന്നു. 2023 ജൂലൈ മുതൽ സ്മാർട് സിറ്റിക്ക് സിഇഒ ഇല്ല. 2017ൽ ഈ സ്ഥാനത്ത് എത്തിയ മനോജ് നായർ‍ രാജി വയ്ക്കുകയായിരുന്നു. ഫരീദ് അബ്ദുൽ റഹ്മാൻ, ബാജു ജോർജ്, ജിജോ ജോസഫ് എന്നിങ്ങനെ 3 സിഇഒമാരാണ് അതിനു മുൻപുണ്ടായിരുന്നത്. 

കാക്കനാട് ഇൻഫോപാർക്ക് റോഡിലെ സ്മാർട്ട് സിറ്റി കവാടം
കാക്കനാട് ഇൻഫോപാർക്ക് റോഡിലെ സ്മാർട്ട് സിറ്റി കവാടം

∙ സ്മാർട് സിറ്റിയിൽ 37 സ്ഥാപനങ്ങൾ

6 കോ–ഡവലപ്പർമാർ പണിതുയർത്തിയിരിക്കുന്ന വമ്പൻ പ്രോജക്ടുകളിൽ ഏതാനും വിദേശ കമ്പനികൾ ഉൾപ്പെടെ 37 സ്ഥാപനങ്ങളാണ് ഇപ്പോൾ സ്മാർട് സിറ്റിയിൽ പ്രവർത്തിക്കുന്നത്. ‘‘സ്മാർട് സിറ്റിക്ക് ഇനിയും മുന്നോട്ടു പോകാൻ കഴിയും. അതിനായി പുതിയ ക്ലസ്റ്ററുകൾ രൂപീകരിക്കണം. അതിനെ പിന്തുണയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങളും വികസിക്കണം. ക്ലസ്റ്ററുകൾ‍ രൂപീകരിച്ചാൽ മാത്രമേ ഇത്തരം പദ്ധതികൾ നടപ്പാകൂ. സ്മാര്‍ട് സിറ്റി പ്രഖ്യാപനത്തോടെ തന്നെ കൊച്ചിയുടെ മുഖം മാറിയിരുന്നു. എന്നാൽ അതിനെ പിന്തുണയ്ക്കുന്നതായിരുന്നില്ല നമ്മുടെ സാമൂഹത്തിന്റെ സാഹചര്യം. ഏതാനും വർഷങ്ങൾ നഷ്ടപ്പെട്ടു. ഇനിയും സമയമുണ്ട്. അതിന് നിലവിലെ രീതികളിൽ മാറ്റം വരുത്തണം.’’– ഐടി മേഖലയിലെ ഉന്നതരിൽ ഒരാൾ പറഞ്ഞു.

LISTEN ON

സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ഇൻഫോപാർക്ക് സ്മാർട് സിറ്റിയിലെ സ്ഥലം കൂടി ഏറ്റെടുക്കണമെന്ന് വാദിക്കുന്നവരും ഉണ്ട്. സ്ഥലപരിമിതി മൂലം നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പുതിയ തീരുമാനം ഗുണകരമാകുമെന്നാണു സ്മാർ‍ട് സിറ്റിയിലെ നിക്ഷേപകരിൽ ഒരാൾ പ്രതികരിച്ചത്. ടീകോമിൽനിന്നു കാര്യമായ പിന്തുണയൊന്നും ലഭിച്ചിരുന്നില്ലെന്നും അവർ പറയുന്നു. ജീവനക്കാരുടെ ജോലിഇതര കാര്യങ്ങൾക്കുള്ള സ്ഥലം ഇവിടെയില്ല. ഈ സാഹചര്യത്തിൽ ഇൻഫോപാർക്ക് ഏറ്റെടുക്കുന്നതും സന്തോഷകരമാണ്. ഒന്നും ചെയ്യാതെ കിടക്കുന്നതിലും നല്ലതാണല്ലോ എന്നും അവർ പറയുന്നു. 

സ്മാർട് സിറ്റി പദ്ധതി പ്രദേശം. 2011ലെ കാഴ്ച.
സ്മാർട് സിറ്റി പദ്ധതി പ്രദേശം. 2011ലെ കാഴ്ച.

സർക്കാരിന്റെ പുതിയ തീരുമാനം സ്വാഗതാർഹമെന്നാണ് ഇൻഫോപാര്‍ക്കിലെ ഐടി പ്രഫഷനലും പ്രോഗ്രസീവ് ടെക്കീസ് എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ അനീഷ് പന്തലാനി പ്രതികരിച്ചത്. ‘‘ഇൻഫോപാർക്കിന്റെ മൂന്നാം ഘട്ടത്തിനായുള്ള ചർച്ചകള്‍ നടക്കുകയാണ്. ഇപ്പോൾ 160 കമ്പനികളുടെ അപേക്ഷകളുണ്ട്. എന്നാൽ ഇവിടെ സ്ഥലമില്ല. 250 ഏക്കറോളം സ്ഥലം ലഭിച്ചാൽ പുതിയ കമ്പനികൾ വരും, അത് കൊച്ചിക്ക് മുതൽക്കൂട്ടാവും’’– അനീഷ് പറഞ്ഞു. എന്നാൽ ഇൻഫോപാർക്കും സ്മാർട് സിറ്റിയും രണ്ടു രീതിയിൽ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളവയാണെന്നും അത് അങ്ങനെ തന്നെ നിലനിർത്തുകയാണ് ചെയ്യേണ്ടതെന്നും പ്രമുഖ ഡവലപ്പർമാരിലൊരാള്‍ പ്രതികരിച്ചു. 

സ്മാര്‍ട് സിറ്റിയിൽ ലുലു ഗ്രൂപ്പിന്റെ സാൻഡ്സ് ഇൻഫ്രാബിൽഡ് നിർമിക്കുന്ന 34 ലക്ഷം ചതുരശ്ര അടിയുള്ള ഇരട്ട ടവർ ഉദ്ഘാടനത്തിനു തയാറെടുക്കുകയാണ്. പ്രസ്റ്റീജ് ഗ്രൂപ്പിന്റെ നിർമാണം പൂർത്തിയായി അതിൽ പൂർണമായി ഏൺസ്റ്റ് ആൻഡ് യങ് എന്ന വിദേശഭീമൻ പ്രവര്‍ത്തിക്കുന്നു. ജെംസ് ഗ്രൂപ്പിന്റെ ജെംസ് മോഡേൺ അക്കാദമിയും പ്രവർത്തനം തുടങ്ങി. മാറാട്ട് പ്രോജക്ട്സ്, ഹോളിഡേ ഗ്രൂപ്പ് തുടങ്ങിയവയും 2017ൽ സ്മാർട് സിറ്റിയുമായി കരാർ ഒപ്പുവച്ചവയാണ്.

English Summary:

Smart City News : Kerala's future hangs in the balance with Dubai Tecom withdrawal! Explore the exciting updates about Infopark Kochi expansion and IT sector growth in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com