റൂട്ട് കനാലിനിടെ സൂചി ഒടിഞ്ഞ് വായിൽ കുടുങ്ങി, മാസങ്ങളായി വേദന സഹിച്ച് യുവതി; ‘തട്ടിക്കളിച്ച്’ ആശുപത്രികൾ
Mail This Article
തിരുവനന്തപുരം∙ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ റൂട്ട് കനാൽ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് വായിൽ കുടുങ്ങിയതായി പരാതി. നന്ദിയോട് പാലുവള്ളി സ്വദേശി ശിൽപയാണ് ചികിത്സപ്പിഴവിന് ഇരയായത്. കഴിഞ്ഞ ഫെബ്രുവരി 2-ാം തീയതിയാണ് ശില്പ പല്ലു വേദനയ്ക്ക് ചികിത്സ തേടി ജില്ലാ ആശുപത്രിയുടെ ദന്തൽ ഒപിയിൽ എത്തിയത്. തുടർന്ന് മാർച്ച് 29ന് ഡോക്ടർ റൂട്ട് കനാൽ ചികിത്സ ചെയ്തു. പിന്നീട് ഒരാഴ്ച കഴിഞ്ഞപ്പോൾ ശിൽപയെ ഡോക്‌ടർ തിരികെ ആശുപത്രിയിലേക്ക് വിളിക്കുകയും പല്ലിന്റെ എക്സ്റേ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
ഡോക്ടറോട് കാര്യം ചോദിച്ചപ്പോഴാണ് റൂട്ട് കനാൽ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് വായ്ക്കകത്ത് കുടുങ്ങിയ കാര്യം പറയുന്നത്. മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്ന് പറഞ്ഞ് ഡോക്ടർ ശിൽപയെ തിരിച്ചയയ്ക്കുകയും ചെയ്തു. എന്നാൽ കുറച്ചുദിവസം കഴിഞ്ഞപ്പോൾ പല്ലുവേദന അസഹനീയമായതോടെ വീണ്ടും ജില്ലാ ആശുപത്രിയിലെത്തിയെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇതനുസരിച്ച് മെഡിക്കൽ കോളജിലെത്തിയെങ്കിലും റൂട്ട് കനാൽ ചെയ്ത ആശുപത്രിയിൽ തന്നെ സൂചി മാറ്റണമെന്നു പറഞ്ഞ് അവരും തിരിച്ചയച്ചു.
നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും സൂപ്രണ്ട് അവധിയായതിനാൽ ചാർജ് ഓഫിസറാണ് പരാതി സ്വീകരിച്ചത്. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സ്വകാര്യ ആശുപത്രിയെ സമീപിച്ച് സൂചി മാറ്റാൻ വലിയ ചെലവുവരുമെന്നതിനാൽ കഠിന വേദന സഹിച്ചു കഴിയുകയാണ് ശിൽപ.