ADVERTISEMENT

ഹൈദരാബാദ് ∙ പുഷ്പ 2 റിലീസ് തിരക്കിനിടെയുണ്ടായ മരണത്തില്‍ തനിക്കെതിരെ കേസെടുത്തതില്‍ നിയമോപദേശം തേടി നടൻ അല്ലു അർജുൻ. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് അല്ലു അർജുനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിതയിലെ, കരുതിക്കൂട്ടി ദേഹോപദ്രവമേൽപ്പിച്ചെന്ന വകുപ്പും ചുമത്തി. സിനിമ  നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ഖേദം പ്രകടിപ്പിച്ചു. ഇത്തരമൊരു സംഭവം നിർഭാഗ്യകരമെന്നും മരിച്ച രേവതിയുടെ കുടുംബത്തിനു സാധ്യമായ പിന്തുണ നൽകുമെന്നും മൈത്രി മൂവീസ് അറിയിച്ചു.

അല്ലു അർജുനു പുറമേ നടന്റെ സുരക്ഷാ സംഘത്തിനെതിരെയും സന്ധ്യ തിയറ്റർ മാനേജ്‌മെന്റിനെതിരെയും കേസെടുത്തിട്ടുണ്ട്. ‘നടൻ തിയറ്ററിലെത്തുമെന്ന് തിയറ്റർ മാനേജ്മെന്റിന് അറിയാമായിരുന്നു. എന്നാൽ ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനു സുരക്ഷാ സംവിധാനങ്ങളോ, നടനും സംഘത്തിനും അകത്ത് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം വഴിയോ തിയറ്റർ മാനേജ്മെന്റ് ഒരുക്കിയിരുന്നില്ലെന്നും ഹൈദരാബാദ് ഡിസിപി പറഞ്ഞു. 

സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയ നിര ബുധനാഴ്ച രാത്രി തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. അവർക്കിടയിലേക്ക് അപ്രതീക്ഷിതമായാണ് അല്ലു എത്തിയത്. സംവിധായകൻ സുകുമാറും ഒപ്പമുണ്ടായിരുന്നു. തുറന്ന ജീപ്പിൽ ആരാധകരെ അഭിവാദ്യം ചെയ്താണ് അർജുൻ എത്തിയത്. താരത്തെ കണ്ടതും ആരാധകരുടെ ആവേശം അതിരുകടന്നു. തുടർന്ന് അല്ലു അർജുന്റെ സുരക്ഷാ ജീവനക്കാർ ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചതോടെ അത് ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു.

പൊലീസിനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതോടെ പൊലീസ് ലാത്തി വീശി. തുടർന്നുണ്ടായ സംഘർഷത്തിലായിരുന്നു അപകടം. ദിൽ‌സുഖ്നഗറിലെ രേവതി എന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കൾക്കുമൊപ്പം സിനിമ കാണാൻ എത്തിയതായിരുന്നു.

English Summary:

'Pushpa' 2 Makers' Respond to Hyderabad Theatre Chaos That Killed A Woman: 'Extremely Heartbroken'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com