‘ചർച്ചയ്ക്കു വിളിച്ചില്ല’: യൂത്ത് കോൺഗ്രസ് വിട്ട എ.കെ.ഷാനിബ് ഡിവൈഎഫ്ഐയിലേക്ക്?
Mail This Article
പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണമുയർത്തിയ എ.കെ.ഷാനിബ് ഡിവൈഎഫ്ഐയിലേക്കെന്ന് സൂചന. പ്രഖ്യാപനം ഉടനുണ്ടാകുമെന്നും കോൺഗ്രസുമായി യോജിച്ച് പ്രവർത്തിക്കാൻ സാധിക്കില്ലെന്നും ഷാനിബ് ആവർത്തിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ഇടതു സ്ഥാനാർഥി പി.സരിനു വേണ്ടി പ്രവർത്തിക്കുമെന്നു ഷാനിബ് വ്യക്തമാക്കിയിരുന്നു. പിന്നീട് കോൺഗ്രസ് നേതൃത്വം തന്നെ ചർച്ചയ്ക്ക് വിളിച്ചില്ലെന്നും ആരോപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം നിലപാട് വ്യക്തമാക്കും.
‘‘പാർട്ടി തിരുത്തലിനു തയാറായില്ല. തിരഞ്ഞെടുപ്പ് വിജയം കൂടി ആയതോടെ ഞാൻ ഉന്നയിച്ച പരാതികൾ കണക്കിലെടുക്കേണ്ട എന്നാണ് കോൺഗ്രസിന്റെ നിലപാട്. പാർട്ടിയുമായി യോജിച്ചുപോകാൻ പറ്റില്ല. മതനിരപേക്ഷ കേരളത്തിന് അതു തിരിച്ചടിയാകും. ആർഎസ്എസിന്റെ ആലയിൽ കൊണ്ടുപോയി കോൺഗ്രസ് പാർട്ടിയെ കെട്ടാനാണ് വി.ഡി.സതീശന്റെ നീക്കം.
സതീശനെതിരായ ആരോപണം പിൻവലിച്ചാൽ ചർച്ചയാകാമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ആർഎസ്എസിനു വേണ്ടി പ്രവർത്തിച്ച സന്ദീപ് വാരിയർക്ക് കോൺഗ്രസ് ഓഫിസിലേക്ക് നേരിട്ട് പ്രവേശനം നൽകി. ഉപതിരഞ്ഞെടുപ്പു സമയത്ത് സന്ദീപ്, കൃഷ്ണകുമാറിനു വേണ്ടി വോട്ട് ചോദിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ തെറ്റായ നയത്തെ കുറിച്ചു വിളിച്ചു പറഞ്ഞതാണ് താൻ ചെയ്ത കുറ്റം.’’ – ഷാനിബ് പറഞ്ഞു.