സിപിഎം വാദം തെറ്റ്, റോഡിൽ സ്റ്റേജ് കെട്ടിയത് അനുമതിയില്ലാതെ; ഒന്നും ചെയ്യാനാകാതെ പൊലീസ്
Mail This Article
തിരുവനന്തപുരം∙ പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിനായി വഞ്ചിയൂരിൽ റോഡ് ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടിയത് പൊലീസിന്റെ എതിർപ്പുകൾ അവഗണിച്ചുകൊണ്ട്. റോഡിന്റെ ഒരുഭാഗം കെട്ടിയടച്ചുകൊണ്ട് സ്റ്റേജ് കെട്ടാൻ പൊലീസിന്റെ അനുമതി നേരത്തെ വാങ്ങിയിരുന്നെന്ന് സിപിഎം അവകാശവാദം ഉന്നയിച്ചെങ്കിലും അതു തെറ്റാണെന്ന് തെളിഞ്ഞു. സ്റ്റേജ് കെട്ടിയപ്പോൾ തന്നെ അതു നിയമവിരുദ്ധമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയെങ്കിലും പാർട്ടി പ്രവർത്തകർ നിർമാണവുമായി മുന്നോട്ടുപോകുകയായിരുന്നു.
പൊലീസിന്റെ അനുമതിക്കു കാത്തുനിൽക്കാതെ വ്യാഴാഴ്ച രാവിലെയാണ് സ്ഥലത്ത് സ്റ്റേജ് കെട്ടിയത്. പിന്നീട് പൊലീസിന് ഒന്നും ചെയ്യാനായില്ലെന്നു മാത്രമല്ല. അതേ സ്റ്റേജിനു മുന്നിൽനിന്ന് ഗതാഗതം തിരിച്ചുവിടേണ്ടിയും വന്നു. സമ്മേളനം രാത്രി സമാപിച്ച ശേഷമാണ് പ്രവർത്തകർ സ്റ്റേജ് നീക്കിയത്. നിയമവിരുദ്ധമായി സ്റ്റേജ് കെട്ടിയതിന്റെ പേരിൽ അഞ്ഞൂറോളം പേർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു.
എന്നാൽ സ്റ്റേജ് കെട്ടിയതിൽ കുഴപ്പമില്ലെന്നായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. കേസ് നടക്കട്ടെയെന്നും ഉദ്ഘാടനത്തിനായി സ്ഥലത്തെത്തിയപ്പോഴാണു സ്റ്റേജ് റോഡിലാണെന്ന കാര്യം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.