ADVERTISEMENT

കൊച്ചി ∙ ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ വിമർശനം തുടർന്ന് ഹൈക്കോടതി. ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന് ചോദിച്ച കോടതി, മുന്നിൽ നിൽക്കുന്ന ആൾ വിഐപി ആണെങ്കിൽ പിന്നിൽ നിൽക്കുന്നവർക്ക് ദർശനം സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി. ഹരിവരാസന സമയത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

വിഐപി ദർശനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നുതന്നെ ഹാജരാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ അനുവദിക്കാനാവില്ലെന്ന് കോടതി ആവർത്തിച്ചു. ദിലീപ് നിന്നതു കൊണ്ട് ആർക്കും മുന്നോട്ട് പോകാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്. അതു നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സ്വീകരിച്ച നടപടികളുടെ കാര്യത്തിൽ ദേവസ്വം ബോർഡ് സത്യവാങ്മൂലം ഹാജരാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

വ്യാഴാഴ്ച രാത്രി ഹരിവരാസനം പാടി നട അടയ്ക്കുവോളം ദിലീപും സംഘവും സോപാനത്ത് ഒന്നാം നിരയിൽ നിന്നെന്നും ആരാണ് ഇവരെ ഇത്രയും സമയം നിൽക്കാൻ അനുവദിച്ചതെന്നും കോടതി ഇന്നലെ ചോദിച്ചിരുന്നു. കുട്ടികളും പ്രായമേറിയവരും ഭിന്നശേഷിക്കാരും ഉൾപ്പെടെ മണിക്കൂറുകൾ വരി നിന്നെത്തിയ തീർഥാടകർ ഇതുകാരണം ക‌ൃത്യമായ ദർശനം സാധ്യമാകാതെ മടങ്ങിയെന്നും കാണിക്കയിടുന്നതും തടസപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേക ദർശനത്തിന് പരിഗണന നൽകേണ്ട ഭരണഘടനാ പദവിയിലുള്ളവരെ സുപ്രീം കോടതി നിർവചിച്ചിട്ടുണ്ട്. സിനിമാതാരത്തിന് അത്തരം പരിഗണനയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിനു പുറമെ ആലപ്പുഴ ജില്ലാ ജഡ്ജി കെ.കെ.രാധകൃഷ്ണനും ഒപ്പമുള്ളവരും ഒഡെപെക് ചുമതല വഹിക്കുന്ന കെ.പി.അനിൽകുമാറും കൂടെയുള്ളവരും പൊലീസ് അകമ്പടിയോടെ സോപാനത്തേക്ക് വന്നിരുന്നു.

English Summary:

Dileep in Sabarimala: Highcourt Again Slams VIP Treatment to Dileep in Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com