ഏകാദശി ദിവസത്തിനു പകരം മറ്റൊരു ദിവസം ഉദയാസ്തമനപൂജ: ദേവസ്വം ഭരണസമിതി തീരുമാനത്തിനെതിരെയുള്ള ഹർജി തള്ളി
Mail This Article
കൊച്ചി ∙ ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിവസത്തിനു പകരം മറ്റൊരു ദിവസം ഉദയാസ്തമനപൂജ നടത്താനുള്ള ദേവസ്വം ഭരണസമിതി തീരുമാനത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. ഇക്കാര്യത്തിൽ തന്ത്രിയുടെ തീരുമാനം അന്തിമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച്, പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങൾ സമർപ്പിച്ച ഹര്‍ജി തള്ളിയത്.
പതിനായിരക്കണക്കിന് ഭക്തർ ഏകാദശി ദിവസം വ്രതം നോറ്റ് ദർശനത്തിനെത്തുന്ന സാഹചര്യത്തിൽ ഉദയാസ്തമയ പൂജയ്ക്കായി പലതവണ നട അടയ്ക്കേണ്ടി വരുന്നതിനാൽ ഭക്തർ ദർശനത്തിനായി കൂടുതൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നു. അതിനാലാണ് ഏകാദശി നാളിലെ ഉദയാസ്തമയ പൂജ മറ്റൊരു ദിവസത്തേക്ക് മാറ്റിയത് എന്ന് ഗുരുവായൂർ ദേവസ്വം കോടതിയിൽ വ്യക്തമാക്കിയിരുന്നു. പകരം തുലാംമാസത്തിലെ ഏകാദശി നാളിൽ ഉദയാസ്തമയ പൂജ നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ആചാരങ്ങൾ മാറ്റുന്നത് ദേവഹിതത്തിന് എതിരാകുമെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കുടുംബമായ പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു.
ഭക്തർക്കുള്ള ദർശന സമയം കൂട്ടുന്നതിനുള്ള പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനു മുന്നിൽ ദേവസ്വം അപേക്ഷ വച്ചെന്നും തുടർന്നു നടത്തിയ ദേവഹിതത്തിൽ വൃശ്ചിക ഏകാദശി ഉദായസ്തമയ പൂജ തുലാമാസത്തിലേക്ക് മാറ്റുന്നതിന് അനുകൂലമായിരുന്നു എന്നും ഗുരുവായൂർ ദേവസ്വം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.