പത്തു ദിവസത്തെ സന്ദർശനം: പാത്രിയർക്കീസ് ബാവാ കേരളത്തിലെത്തി; വിമാനത്താവളത്തിൽ സ്വീകരണം
Mail This Article
കൊച്ചി ∙ പത്തു ദിവസത്തെ സന്ദർശനത്തിനായി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കേരളത്തിലെത്തി. ഇന്നു രാവിലെ 8.30നു ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ യാക്കോബായ സഭാ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസും സഭാ ഭാരവാഹികളും ചേർന്നു സ്വീകരിച്ചു.
തുടർന്ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെത്തി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിടത്തിൽ പ്രാർഥിച്ചു. പാത്രിയർക്കാ സെന്ററിൽ വിശ്രമിക്കും. മലേക്കുരിശു ദയറയിലാണു രാത്രി താമസം. ഞായറാഴ്ച രാവിലെ മലേക്കുരിശു ദയറയിൽ കുർബാനയർപ്പിക്കും.
ഉച്ചയ്ക്ക് 3.30 ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ യാക്കോബായ സഭാ എപ്പിസ്കോപ്പൽ സിനഡിൽ പങ്കെടുക്കും. സന്ധ്യാ പ്രാർഥനയിൽ പങ്കെടുക്കും. 9 നു രാവിലെ 8 നു പുത്തൻകുരിശ് പാത്രിയർക്കാ കത്തീഡ്രലിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40 –ാം ഓർമ ദിനത്തോടനുബന്ധിച്ചു നടക്കുന്ന കുർബാനയിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്നു നടക്കുന്ന അനുസ്മരണ സമ്മേളനത്തിലും നേർച്ച സദ്യയിലും പങ്കെടുക്കും. 10 നു മഞ്ഞനിക്കരയിലേക്കു പോകും. 17 നു രാവിലെ കൊച്ചി വിമാനത്താവളത്തിൽ നിന്നു മടങ്ങും.