സന്തോഷ നിറവിൽ വിശ്വാസി സമൂഹം: മാർ ജോർജ് ജേക്കബ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു
Mail This Article
വത്തിക്കാൻ∙ ഭാരത കത്തോലിക്കാ സഭയ്ക്ക് ഇത് ധന്യ നിമിഷം. മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു. സിറോ മലബാർ പാരമ്പര്യത്തിലുള്ള സ്ഥാന ചിഹ്നങ്ങൾ മാർപാപ്പ മാർ ജോർജ് കൂവക്കാടിനെ അണിയിച്ചു. മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി കറുപ്പും ചുവപ്പുമുള്ള തലപ്പാവാണ് അണിയിച്ചത്. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണു ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കൂവക്കാട്.
ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ മാർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 പേരാണ് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. കർദിനാൾ തിരുസംഘത്തിൽ ഒരേസമയം മൂന്ന് മലയാളികൾ വരുന്നത് ഇതാദ്യമാണ്. നാളെ രാവിലെ 9.30നു പഴയ കർദിനാൾമാരും പുതുതായി സ്ഥാനമേറ്റ കർദിനാൾമാരും മാർപാപ്പയ്ക്കൊപ്പം കുർബാന അർപ്പിക്കും.
ദൈവത്തിന് എളിമയോടെ ഹൃദയം സമർപ്പിക്കണമെന്ന് കർദിനാൾമാരെ അഭിസംബോധന ചെയ്തുകൊണ്ട് മാർപാപ്പ പറഞ്ഞു. ‘‘ദൈവ സങ്കൽപ്പം ഹൃദയത്തിൽ ഉറപ്പിക്കണം. പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന വഴിയാണ് നമ്മുടെ മുന്നിലുള്ളത്. ലോകത്തിന്റെ പ്രശ്നങ്ങളിൽ മനസ്സ് വിഷമിക്കുന്നവരാകണം. ലോകത്തിന്റെ വഴികളിലാണ് സഭയുള്ളത്. വാതിലടയ്ക്കരുത്. അകത്തു കയറി ഒളിക്കരുത്. ലോകത്തോടൊപ്പം നടക്കണം. ലോകത്തിന്റെ കഷ്ടതകളിൽ, ക്ലേശങ്ങളിൽ കണ്ണീരൊപ്പുന്നവരായി സഭ ഉണ്ടാവണം. യേശുവിന്റെ വഴിയിൽ ചരിക്കുക എന്നാൽ അർഥം കൂട്ടായ്മ വളർത്തുന്നവർ, പാരസ്പര്യം വളർത്തുന്നവർ എന്നുകൂടിയാണ്. യേശുവിന്റെ വഴികളിലൂടെ മുന്നോട്ട് നീങ്ങണം’’– മാർപാപ്പ പറഞ്ഞു. 21 കർദിനാൾമാരുടെയും പേരുകൾ മാർപാപ്പ വിളിച്ചു. തുടർന്ന് സഭയോടുള്ള വിശ്വാസവും കൂറും പ്രഖ്യാപിക്കുന്ന സത്യപ്രതിജ്‍ഞ കർദിനാൾമാർ ഏറ്റുച്ചൊല്ലി. തുടർന്ന് കർദിനാൾമാരെ മാർപാപ്പ സ്ഥാന ചിഹ്നങ്ങൾ ധരിപ്പിച്ചു.
സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവരും കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിൽ പ്രത്യേക കേന്ദ്രസംഘവും സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുത്തു. ആഗോള കത്തോലിക്കാ സഭയിൽ ഇന്ത്യൻ കത്തോലിക്കാ സഭയുടെ പ്രധാന്യം വർധിച്ചെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. വൈദികരും സന്യസ്തരുമടക്കം അഞ്ഞൂറിലധികം മലയാളികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.