റൺവേയിൽ പട്ടം പറത്തിയതാര്? 5 കിലോമീറ്റർ നിരോധിത മേഖല; ബലൂണും ലേസറും കരിമരുന്നും പാടില്ല
Mail This Article
തിരുവനന്തപുരം∙ വിമാനങ്ങൾക്ക് ഭീഷണിയായതിനാൽ വിമാനത്താവളത്തിന് 5 കിലോമീറ്റർ ചുറ്റളവിൽ ബലൂണുകളും പട്ടങ്ങളും പറത്തുന്നതും ലേസർ ലൈറ്റുകൾ വിമാനം ഇറങ്ങുന്ന ദിശയിൽ അടിക്കുന്നതിനും വിലക്കുണ്ട്. ഉയരത്തിൽ കരിമരുന്നു പ്രയോഗം നടത്തുന്നതിനും നിരോധനമുണ്ട്. ഈ നിർദേശങ്ങൾ മറികടന്നാണ് കഴിഞ്ഞ ദിവസം റണ്‍വേയ്ക്ക് മുകളിലായി പട്ടം പറത്തിയത്. പട്ടം റൺവേയ്ക്ക് അടുത്തെത്തിയതിനെ തുടർന്ന് വിമാനങ്ങളുടെ ലാൻഡിങും ടേക്ക് ഓഫും വൈകി. പട്ടം പറത്തിയ ആളെ കണ്ടെത്താനായിട്ടില്ല.
സിറ്റി പൊലീസ് കമ്മിഷണറായിരുന്ന നാഗരാജു ചക്കിലമാണ് ലേസർ ലൈറ്റുകളും ബലൂണുകളും പട്ടങ്ങളും വിമാനത്താവളത്തിനടുത്ത് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം റൺവേയ്ക്ക് മുകളിൽ പട്ടം പറക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് വിമാനത്തിന്റെ ലാൻഡിങ് 11 മിനിട്ടു വൈകി. മറ്റൊരു വിമാനത്തിന്റെ ടേക്ക് ഓഫ് 45 മിനിട്ടും വൈകി. റൺവേയുടെ 200 അടി ഉയരത്തിലാണ് ഇന്നലെ വൈകിട്ടോടെ പട്ടം പറന്നത്. റൺവേയ്ക്ക് മുകളിൽ പട്ടമുണ്ടെന്ന വിവരം വിമാനത്താവളത്തിലെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകി. പട്ടം അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളതിനെ തുടർന്ന് അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. വൈകിട്ട് ആറരയോടെ പട്ടം തനിയെ നിലംപതിച്ചു.