നവവധുവിന്റെ മരണം: ഭർത്താവും സുഹൃത്തും അറസ്റ്റിൽ; ഇന്ദുജ അവസാനമായി ഫോണിൽ സംസാരിച്ചത് അജാസിനോട്
Mail This Article
പാലോട് ∙ നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ശശിധരൻ കാണി, ഷീജ ദമ്പതികളുടെ മകൾ ഇന്ദുജ (25) മരിച്ച കേസിൽ ഭർത്താവ് അഭിജിത്ത്, ഇയാളുടെ സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഭിജിത്ത് ഒന്നാം പ്രതിയും അജാസ് രണ്ടാം പ്രതിയുമാണ്.
ഇരുവരും ചേർന്ന് ഇന്ദുജയെ ശാരീരകമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇന്ദുജ മരിക്കുന്നതിന് മുൻപ് അവസാനമായി വിളിച്ചത് അജാസിനെയാണ്. ഇന്ദുജയെ ഒഴിവാക്കാൻ ഭർത്താവ് അഭിജിത്ത് ശ്രമിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇതിനു സുഹൃത്തായ അജാസിന്റെ സഹായവും തേടിയെന്നാണ് പൊലീസ് കണ്ടെത്തൽ. അജാസ് ഇന്ദുജയെ മർദിച്ചെന്ന് അഭിജിത്ത് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇന്ദുജയെ മരിച്ച നിലയിൽ കണ്ടെത്തുന്നതിനു രണ്ടു ദിവസം മുന്‍പാണ് അജാസ് മർദിച്ചത്. കാറിൽവച്ചായിരുന്നു മർദനം. അജാസും അഭിജിത്തും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്.
അഭിജിത്തിനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണാക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. അജാസിനെതിരെ ഈ രണ്ടു കുറ്റങ്ങൾക്കു പുറമെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിനെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയശേഷമാകും കൂടുതൽ തെളിവെടുപ്പ്.
നന്ദിയോട് ഇളവട്ടത്തെ ഭർതൃഗൃഹത്തിലാണ് ഇന്ദുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളി ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ ഇന്ദുജയെ കണ്ടതെന്ന് അഭിജിത്ത് പൊലീസിനോട് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും മൊഴിയിലുണ്ട്. അഭിജിത്തിന്റെ അമ്മ പൈങ്കിളിയും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
പ്രണയത്തിലായിരുന്ന ഇന്ദുജയും അഭിജിത്തും 4 മാസം മുൻപ് ആണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. അഭിജിത്തിന്റെ വീടിന് സമീപത്തെ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതിന് ശേഷം മകളെ കാണാൻ അനുവദിച്ചില്ലെന്നും പൊലീസിൽ പരാതി നൽകിയ ശേഷം ഒരുവട്ടം കണ്ടെന്നുമാണ് ഇന്ദുജയുടെ കുടുംബത്തിന്റെ പരാതി.