അസദ് കൊല്ലപ്പെട്ടു?; മിസൈൽ ആക്രമണമെന്ന് അഭ്യൂഹങ്ങൾ: മിനിറ്റുകൾക്കുള്ളിൽ വിമാനം അപ്രത്യക്ഷം
Mail This Article
ഡമാസ്കസ്∙ വിമത സേന, തലസ്ഥാന നഗരമായ ഡമാസ്കസ് പിടിച്ചതിനു മുൻപ് രാജ്യം വിട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ വിമാനം ഇപ്പോളെവിടെയെന്ന ചോദ്യം ഉയരുന്നു. സിറിയൻ പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ പ്രസിഡന്റ് ബാഷർ അൽ അസദുമായി പുറപ്പെട്ടെന്നു കരുതുന്ന വിമാനം തകർന്നുവീഴുകയോ വെടിവച്ചിടുകയോ ചെയ്തെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഉയരുന്നത്. റഡാറിൽനിന്ന് വിമാനം പൊടുന്നനെ അപ്രത്യക്ഷമായതാണ് ഇതിനു പിന്നിലെ കാരണം.
വിമാന സ്പോട്ടിങ് സൈറ്റായ ഫ്ലൈറ്റ് റഡാർ 24ൽ നിന്നുള്ള വിവരങ്ങൾ പ്രകാരം സിറിയൻ എയർ വിമാനക്കമ്പനിയുടെ ഇല്യൂഷിൻ 2–76ടി എന്ന വിമാനം ഡമാസ്കസ് വിമാനത്താവളത്തിൽനിന്നു പറന്നുയരുന്നതും പിന്നീട് സിറിയയുടെ തീരമേഖലയിലേക്കു നീങ്ങുന്നതും കാണാം. ലറ്റാക്കിയയിലേക്കായിരുന്നു വിമാനത്തിന്റെ പോക്കെന്നായിരുന്നു അനുമാനം. എന്നാൽ പെട്ടെന്ന് ഈ വിമാനം യാത്ര എതിർദിശയിലേക്കു മാറ്റി. മിനിറ്റുകൾക്കുള്ളിൽ ഹോംസ് നഗരത്തിനു സമീപം റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു.
അസദ് എങ്ങോട്ടാണ് പോയതെന്നുള്ള വിവരങ്ങൾ സിറിയൻ അധികൃതർ പുറത്തുവിട്ടിട്ടില്ല. മാത്രമല്ല, അഭ്യൂഹങ്ങളെക്കുറിച്ചു പ്രതികരിക്കാനും അവർ തയാറായിട്ടില്ല. 3,650 മീറ്ററിൽനിന്ന് 1,070 മീറ്ററിലേക്ക് വിമാനം താഴ്ന്നതിനു പിന്നിൽ മിസൈൽ ആക്രമണം, വിമാനത്തിന്റെ യന്ത്രത്തകരാർ തുടങ്ങിയവയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം. അതേസമയം, പഴയ വിമാനങ്ങളുടെ ട്രാൻസ്പോണ്ടറുകളുടെ കാലപ്പഴക്കം, ട്രാൻസ്പോണ്ടർ സ്വിച്ച് ഓഫ് ചെയ്തു വച്ചത്, പ്രദേശത്തെ ജിപിഎസ് തടയുന്ന ജാമ്മറുകളുടെ പ്രവർത്തനം, മിലിറ്ററി ഫ്രീക്വൻസിയിലേക്കു മാറ്റിയത് തുടങ്ങിയവ മൂലം ഡേറ്റയിൽ പിഴവു വരാമെന്ന് ഫ്ലൈറ്റ് റഡാർ പറയുന്നു.