‘കലോത്സവത്തിന് സിനിമാക്കാർ മതിയെന്ന ചിന്ത എന്തിന്?, ഞാൻ വന്നത് സ്വന്തം ചെലവിൽ, നടി 5 ലക്ഷം ചോദിച്ചത് അവകാശം’
Mail This Article
കോട്ടയം∙ സ്കൂൾ കലോത്സവത്തിന് നൃത്തം പഠിപ്പിക്കാൻ സിനിമാക്കാർ തന്നെ വേണമെന്ന് ചിന്തിക്കുന്നത് എന്തിനെന്ന് നടിയും നർത്തകിയുമായ ആശാ ശരത്. സിനിമാക്കാർ തന്നെ വേണമെന്നുള്ള ചിന്താഗതി മാറ്റണം. വലിയ കലാസമ്പത്തുള്ള നാടാണ് കേരളം. ഒരുപാട് കലാതിലകങ്ങളും പ്രതിഭകളുമുണ്ട്. അത്തരത്തിൽ കൂടി ചിന്തിക്കണമെന്നും ആശാ ശരത് പറഞ്ഞു. സ്കൂൾ കലോത്സവത്തിന് നൃത്തം അഭ്യസിപ്പിക്കാൻ പ്രമുഖ നടി മന്ത്രിയുടെ പ്രസ് സെക്രട്ടറിയോട് 5 ലക്ഷം രൂപ ചോദിച്ച സംഭവം വിവാദമായിരിക്കെയാണ് കഴിഞ്ഞ വർഷം കലോത്സവ വേദിയിൽ സൗജന്യമായി നൃത്തം ഒരുക്കിയ ആശാ ശരത് ശ്രദ്ധാകേന്ദ്രമാകുന്നത്. ആശാ ശരത് മനോരമ ഓൺലൈനോട് സംസാരിക്കുന്നു...
∙ വിവാദങ്ങൾക്കൊടുവിൽ വൈകുന്നേരം നടത്തിയ വാർത്താസമ്മേളനത്തിലും ആശാ ശരത് പ്രതിഫലം വാങ്ങാതെ നൃത്തം അഭ്യസിപ്പിച്ച കാര്യം വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. ആ തീരുമാനത്തിനു പിന്നിൽ ?
കോഴിക്കോട് വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവം ഞാനും മുഖ്യമന്ത്രിയും ചേർന്നാണ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത്. അന്ന് ഞാൻ അവിടെ ഒരുപാട് കുട്ടികളെ കണ്ടു. ഞങ്ങളുടെ കൂടെ ഇനി എന്ന് ഡാൻസ് ചെയ്യും എന്നൊക്കെ പല കുട്ടികളും ചോദിച്ചു. അടുത്തതവണ വരാമെന്നും അവരെ ഡാൻസ് പഠിപ്പിക്കാമെന്നെല്ലാം വാക്കു കൊടുത്തു. ഇക്കാര്യം ഉദ്ഘാടന വേദിയിലും പറഞ്ഞു. കഴിഞ്ഞ വർഷം കൊല്ലത്ത് കലോത്സവം നടന്നപ്പോൾ ഇക്കാര്യം ഓർത്തു വച്ച് സർക്കാർ എന്നെ വിളിച്ചു. ഒരു രൂപ പോലും വാങ്ങാതെ എന്റെ സ്വന്തം ചെലവിലാണ് ഞാൻ ദുബായിൽ നിന്നും കൊല്ലത്തെത്തിയത്. എന്തെങ്കിലും ഡിമാൻഡുണ്ടോയെന്ന് അന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസും സംഘാടക സമിതിയും എന്നോട് ചോദിച്ചിരുന്നു. പ്രതിഫലം ആഗ്രഹിച്ചല്ല ഞാൻ ഇത് ചെയ്യുന്നത് എന്നായിരുന്നു എന്റെ മറുപടി. എന്നെ സംബന്ധിച്ച് അത് മഹത്തായ ഒരു കാര്യമായിരുന്നു.
ഞാൻ കലോത്സവ വേദിയിൽ നൃത്തം ചെയ്തിട്ടുണ്ട്. ദുബായിൽ പോകും മുൻപ് ഞാൻ പഠിപ്പിച്ച കുട്ടികളും കലോത്സവത്തിനു നൃത്തം ചെയ്തിട്ടുണ്ട്. അതൊരു മാജിക്കൽ വേദിയാണ്. എന്നെ സംബന്ധിച്ച് സർക്കാർ ഏൽപ്പിച്ച കാര്യം ഒരു ഉത്തരവാദിത്തവും ബഹുമതിയും ആയിരുന്നു. ഒരു വലിയ പുരസ്കാരം എന്നു തന്നെ പറയാം. രണ്ട് ദിവസം അവിടെ ചെലവഴിച്ച് നൃത്തം പഠിപ്പിച്ചു. കലോത്സവം കണ്ട ശേഷമാണ് ഞാൻ ദുബായിലേക്ക് മടങ്ങിയത്. എന്റെ മകൾ ഉത്തരയെ കൂടി ഇതെല്ലാം കാണാനായി ഞാൻ കൊണ്ടുവന്നിരുന്നു. ദുബായിലുള്ള അവൾക്ക് കലോത്സവം ഒരു അത്ഭുതമായിരുന്നു.
∙ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട നൃത്താവിഷ്കാരത്തിന് നടി 5 ലക്ഷം രൂപ ചോദിച്ചു എന്നതിനെ എങ്ങനെ കാണുന്നു ?
അത് തീർത്തും വ്യക്തിപരമായ കാര്യമാണ്. ഞാൻ കാണുന്ന രീതിയിലായിരിക്കില്ല വേറൊരാൾ ഒരു കാര്യത്തെ കാണുന്നത്. വേതനം ചോദിച്ചത് തെറ്റാണെന്ന് പറയാനാകില്ല. ചെയ്യുന്ന ജോലിയുടെ വേതനം അവകാശമാണ്. സിനിമയ്ക്കും ഡാൻസിനുമെല്ലാം കലാകാരന്മാർ തന്നെയാണ് അവരുടെ വേതനം എത്രയെന്ന് നിശ്ചയിക്കുന്നത്. അത് ആ ജോലികളുടെ മാത്രം പ്രത്യേകതയാണ്. ഒരു സിനിമയിൽ എനിക്ക് അഭിനയിക്കാൻ ഇത്ര രൂപ വേണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്. വേറൊരു ജോലിയിലും ഇല്ലാത്ത അവകാശമാണത്. ഏത് കലാകാരിയാണ് 5 ലക്ഷം രൂപ ചോദിച്ചതെങ്കിലും അവരെ കുറ്റം പറയാൻ പറ്റില്ല
∙ ആശാ ശരത് സർക്കാർ പരിപാടികൾക്ക് കാശ് വാങ്ങാറുണ്ടോ ?
എല്ലാ പരിപാടികൾക്കും പേയ്മെന്റ് വാങ്ങിയാണ് ഞാൻ പങ്കെടുക്കുന്നത്. ഞാൻ പങ്കെടുക്കുന്ന സർക്കാർ പരിപാടികൾക്കും പേയ്മെന്റ് വാങ്ങാറുണ്ട്. പക്ഷേ കലോത്സവം എന്നെ സംബന്ധിച്ച് അങ്ങനെയൊരു വേദിയല്ല. അതുകൊണ്ടാണ് പണം വാങ്ങാതിരുന്നത്.
∙ നിലവിലെ പ്രതിസന്ധിയിൽ വിദ്യാഭ്യാസ വകുപ്പിനെ സഹായിക്കുമോ ? കുട്ടികളെ ഇത്തവണയും നൃത്തം പഠിപ്പിക്കുമോ ?
എന്നെ ആരും സമീപിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ കലോത്സവത്തിന് ഞാൻ ഭാഗമായി എന്നതു ശരിയാണ്. പക്ഷേ ഇത്തവണ എന്നെ ആരും സമീപിച്ചില്ല.
∙ സമീപിച്ചാൽ തയാറാണോ ?
അങ്ങനെ ചിന്തിച്ചിട്ടില്ല. എന്തായാലും വേറെ തിരക്കുകളൊന്നുമില്ലെങ്കിൽ കലോത്സവം കാണാനായി തിരുവനന്തപുരത്ത് എത്തണമെന്ന് വലിയ ആഗ്രഹമുണ്ട്.
∙ വേറെ ഏതെങ്കിലും സഹപ്രവർത്തകർ ഈ ഉദ്യമം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ ?
എന്തിനാണ് സിനിമാക്കാർ തന്നെ വേണമെന്ന് ചിന്തിക്കുന്നത്. സിനിമാക്കാർ തന്നെ വേണമെന്നുള്ള ചിന്താഗതി മാറ്റണം. വലിയ കലാസമ്പത്തുള്ള നാടാണ് കേരളം. ഒരുപാട് കലാതിലകങ്ങളും പ്രതിഭകളുമുണ്ട്. അത് ഇപ്പോൾ കലോത്സവത്തിന് ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടിയവർ ഒന്നുമല്ല. അല്ലാതെ ഡാൻസ് പഠിപ്പിക്കുന്നവരും ധാരാളമുണ്ട്. ആര് ചെയ്താലും മതി. അത്തരത്തിൽ കൂടി ചിന്തിക്കണം.