നീല മാസ്ക്, സീറ്റുകൾക്കിടയിലൂടെ പിറകിലേക്ക് നോട്ടം: ബ്രയൻ തോംസണിന്റെ കൊലയാളിയുടെ ചിത്രം?
Mail This Article
ന്യൂയോർക്∙ യുഎസിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്തിന്റെ ഇൻഷുറൻസ് യൂണിറ്റ് സിഇഒ ബ്രയൻ തോംസണിന്റെ കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ ന്യൂയോർക്ക് പൊലീസ് പുറത്തുവിട്ടു. ടാക്സിയുടെ ഡാഷ് ക്യാമറയിൽ നിന്നുള്ള രണ്ടു ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിനടുത്തേക്ക് തോക്കുധാരി നടന്നുവരുന്നതും സീറ്റുകൾക്കിടയിലൂടെ പിറകിലേക്ക് നോക്കുന്നതുമായ രണ്ടു ചിത്രങ്ങളാണ് പുറത്തുവിട്ടത്. രണ്ടു ചിത്രങ്ങളിലും ഇയാൾ നീല നിറത്തിലുള്ള മാസ്ക് ധരിച്ചിരിക്കുന്നതായി കാണാം. ഇയാളുടേതെന്ന് കരുതുന്ന ഒരു ബാഗും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തോംസണിനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ന്യൂയോർക്ക് നഗരം വിട്ടതായാണ് പൊലീസ് നിഗമനം.
ബുധനാഴ്ച രാവിലെ 6.45നാണ് ബ്രയൻ തോംസണിനെ മിഡ്ടൗൺ മാൻഹട്ടിലെ ഹോട്ടലിന് പുറത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുണൈറ്റഡ് ഹെൽത്ത് കെയറിന്റെ വാർഷിക നിക്ഷേപക സമ്മേളനം നടക്കുന്ന ഹോട്ടലിലേക്ക് നടന്നുപോകുകയായിരുന്ന ബ്രയൻ തോംസണിനെ അജ്ഞാതൻ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ബ്രയന്‍റെ പിറകിൽ 20 അടി അകലെ നിന്നാണ് അക്രമി വെടിയുതിർത്തത്. വെടിയേറ്റ ബ്രയൻ തോംസണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബ്രയനെ കാത്തിരുന്ന അക്രമി ഹോട്ടലിന് മുന്നിൽ ഇദ്ദേഹം എത്തിയപ്പോൾ വെടിയുതിർക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. 2021 ഏപ്രിലിലാണ് കമ്പനിയുടെ സിഇഒ ആയി ബ്രയൻ തോംസൺ ചുമതലയേറ്റത്. 2004 മുതൽ അദ്ദേഹം കമ്പനിയുടെ ഭാഗമായിരുന്നു.