ADVERTISEMENT

തിരുവനന്തപുരം∙  ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ നാട്ടിലെ ജനങ്ങൾക്ക് കഴിയണമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമൻസ് കോളജിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു വേഗതക്കുറവെന്ന പരാതിയുണ്ടാകാതെ കാര്യങ്ങൾ തീർപ്പാക്കണം. വഴിവിട്ട നടപടികൾക്ക് പ്രത്യേക അവകാശമുണ്ടെന്ന പെരുമാറ്റ രീതി ചില ഓഫിസുകളിലും മേഖലകളിലുമുണ്ട്. അത് നാട് ആഗ്രഹിക്കുന്ന കാര്യമല്ല. സർക്കാർ അത് അംഗീകരിക്കുകയുമില്ല. ഇത്തരം രീതികളിൽ സർക്കാർ കർക്കശ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥർ അർപ്പണബോധത്തോടെ കാര്യങ്ങൾ നിർവഹിക്കണം. ഫയലുകൾ ഇപ്പോഴും കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. അത് അവസാനിപ്പിക്കാൻ സർക്കാർ വലിയ ശ്രമം നടത്തും. സെക്രട്ടേറിയറ്റിലും മറ്റ് ഓഫിസുകളിലും ഇതിനായി ഇടപെടലുണ്ടാകും. ജനങ്ങളുടെ ദാസൻമാരായാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്. പ്രശ്‌ന പരിഹാരത്തിനായി ജനങ്ങൾ ബുദ്ധിമുട്ടരുത്. സേവനം ജനങ്ങളുടെ അവകാശമാണ്. അതിനാലാണ് സർക്കാർ അധികാരത്തിലെത്തിയ വേളയിൽ ഓരോ ഫയലിനു പിന്നിലും ഒരു ജീവിതമുണ്ടെന്ന് ജീവനക്കാരെ ഓർമപ്പെടുത്തിയത്.

ജനങ്ങളെ സഹായിക്കുന്നതിന് ഓൺലൈൻ സംവിധാനം ശക്തിപ്പെടുത്തും. ജനങ്ങൾക്കായി നടപ്പാക്കുന്ന നല്ല കാര്യങ്ങൾ അവർ അറിഞ്ഞാൽ സർക്കാരിനു ഗുണകരമായാലോ എന്ന് ചിന്തിക്കുന്ന ചിലരുണ്ട്. ആരോഗ്യകരമായ സമീപനങ്ങളെ സ്വീകരിക്കുകയും കലവറയില്ലാത്ത സഹകരണം നൽകുകയും ചെയ്യുന്ന നടപടി നമ്മുടെ നാട്ടിൽ സംഭവിക്കാറില്ല. ചിലരുടെ താൽപര്യം സംരക്ഷിക്കുന്ന പ്രത്യേക തരത്തിലെ പ്രചാരണമാണ് അത്തരം സന്ദർഭങ്ങളിൽ നടക്കുക. നെഗറ്റീവ് ചിന്തയും നിഷേധാത്മക നിലപാടും വളർത്തിക്കൊണ്ടുവരികയാണ് അത്തരക്കാരുടെ ലക്ഷ്യം. എന്നാൽ ജനങ്ങൾ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വിധിയെഴുത്തു നടത്തും. സർക്കാർ നടപ്പാക്കിയ നല്ല കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന രീതി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേനംകുളം വില്ലേജിലെ ഷൈലജയ്ക്ക് കരമടയ്ക്കാൻ അനുമതി നൽകിയ ഉത്തരവിന്റെ പകർപ്പ്, വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം സ്വീപ്പറായ ബേബിയുടെ മകൻ ജയകുമാറിന് ആശ്രിത സർട്ടിഫിക്കറ്റ്, താഹിറ ബീവിയ്ക്ക് ഗുരുതരരോഗങ്ങൾക്കുള്ള ചികിത്സ സഹായം ലഭിക്കുന്നതിന് അന്ത്യോദയ അന്നയോജന കാർഡ് എന്നിവ മുഖ്യമന്ത്രി ചടങ്ങിൽ കൈമാറി.

English Summary:

Citizen-Centric Governance : Kerala Chief Minister Pinarayi Vijayan emphasizes citizen-centric governance, promising improved service delivery and transparency through initiatives like the Karuthal and Kaithang schemes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com