‘അഹങ്കാരികൾ, പണത്തോട് ആർത്തി’: അന്ന് പൊതുവേദിയിൽ വിമർശനം,‘സെലിബ്രിറ്റി’കളെ കുത്തി വീണ്ടും ശിവൻകുട്ടി
Mail This Article
തിരുവനന്തപുരം ∙ സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനു വേണ്ടി കുട്ടികളെ 10 മിനിറ്റ് നൃത്തം പഠിപ്പിക്കാന്‍ പ്രശസ്ത നടി 5 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ കുറ്റപ്പെടുത്തൽ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ക്കാണു വഴിവച്ചിരിക്കുന്നത്. നടിയുടെ പേരു പറയാതെ മന്ത്രി നടത്തിയ പ്രസ്താവന കലോത്സവം വഴി സിനിമയിലെത്തിയ പല നടിമാരെയും സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്തിട്ടുണ്ട്. സ്കൂൾ കലോൽസവങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ സിനിമയിലെത്തുകയും താരപദവി നേടുകയും ചെയ്ത നായികമാരടക്കമുള്ളവരുടെ പേരുകളാണ് ചര്‍ച്ചകളില്‍ നിറയുന്നത്. മുന്‍പും, ഒരു നടിയുടെ ഭാഗത്തുനിന്ന് ഇത്തരം സമീപനമുണ്ടായെന്ന് മന്ത്രി വി.ശിവന്‍കുട്ടി വിമർശനമുന്നയിച്ചിരുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ കേരള സര്‍വകലാശാലാ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ്, യുവജനോത്സവത്തില്‍ അതിഥികളായി എത്തുന്ന സെലിബ്രിറ്റികള്‍ വന്ന വഴി മറന്ന് വന്‍ പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടത്. ചടങ്ങിലെ മുഖ്യാതിഥി നടി നവ്യ നായരെ വേദിയില്‍ ഇരുത്തിയായിരുന്നു വിമർശനം.
അതേസമയം, താന്‍ വന്ന വഴി മറന്നിട്ടില്ലെന്നും ഒരു രൂപ പോലും വാങ്ങാതെയാണ് വന്നിരിക്കുന്നതെന്നും നവ്യ ഉദ്ഘാടന പ്രസംഗത്തിൽ മറുപടി നല്‍കുകയും ചെയ്തു. കേരള സര്‍വകലാശാലാ കലോത്സവ സമയത്ത് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഒരു നടിയെ ക്ഷണിച്ചപ്പോള്‍ അവര്‍ വിമാനക്കൂലിയും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസസൗകര്യവും ആവശ്യപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങാതിരുന്ന കാര്യവും മന്ത്രി എടുത്തുപറഞ്ഞിരുന്നു. സെലിബ്രിറ്റികള്‍ പ്രതിഫലം കണക്കാക്കാതെ ഇത്തരം പരിപാടികളിൽ പങ്കെടുക്കണമെന്നാണ് ശിവന്‍കുട്ടി ആവശ്യപ്പെട്ടത്.
ഇത്തവണ സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനു കുട്ടികളെ നൃത്തം പഠിപ്പിക്കാൻ മന്ത്രിയുടെ ഓഫിസില്‍നിന്നാണ് പ്രശസ്ത നടിയെ ക്ഷണിച്ചത്. അവര്‍ ക്ഷണം സ്വീകരിച്ചെങ്കിലും അഞ്ചു ലക്ഷം രൂപ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മന്ത്രിയുടെ വാക്കുകള്‍: ‘‘എത്ര അഹങ്കാരികളായി ഇവര്‍ മാറുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കണം. 5 ലക്ഷം രൂപയാണ് ചോദിച്ചിരിക്കുന്നത്. എത്ര അഹങ്കാരമാണ്. പണത്തോടുള്ള ആര്‍ത്തി തീര്‍ന്നിട്ടില്ല ഇവര്‍ക്ക്. ഞാന്‍ പറഞ്ഞു വേണ്ടെന്ന്. പകരം പഠിപ്പിക്കാന്‍ ഇവിടെ എത്ര പേര്‍ വേണമെങ്കിലും ഉണ്ടാകുമെന്ന നിലയില്‍ പറഞ്ഞ് ആ നടിയെ ഉപേക്ഷിച്ചു.’’