സ്‌കൂൾ കലോത്സവം: സെൻട്രൽ സ്റ്റേഡിയം പ്രധാന വേദി, ഭക്ഷണം പുത്തരിക്കണ്ടം മൈതാനത്ത്, താമസത്തിനായി 25 സ്‌കൂളുകൾ
Mail This Article
തിരുവനന്തപുരം∙ 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിൽ നടക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കലോത്സവത്തിൽ ആദ്യമായി ഗോത്രനൃത്ത വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന ഗോത്ര നൃത്ത കലകൾ.
ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് 101, ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് 110, സംസ്‌കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19 ഇനങ്ങളിലായി ആകെ 249 മത്സരങ്ങളാണുളളത്. സെൻട്രൽ സ്റ്റേഡിയം ആണ് പ്രധാന വേദിയായി. ഭക്ഷണത്തിനായി പുത്തരിക്കണ്ടം മൈതാനവും തിരഞ്ഞെടുത്തിട്ടുണ്ട്. ഭക്ഷണം ഉൾപ്പെടെയുള്ള ടെൻഡർ നടപടികൾ ഈ മാസം 18 ന് മുൻപ് പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. കുട്ടികൾക്ക് താമസിക്കാനായി തിരുവനന്തപുരം നഗരത്തിലെ 25 സ്‌കൂളുകൾ തിരഞ്ഞെടുത്തു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം സ്‌കൂളുകളാണ് ഒരുക്കുന്നത്.
കനകക്കുന്നു മുതൽ കിഴക്കേകോട്ട വരെയുള്ള നഗരവീഥിയിൽ ദീപാലങ്കാരം ഒരുക്കുന്നത് ആലോചിക്കും. ഓരോ വേദിയിലും കുട്ടികൾക്ക് എത്തുന്നതിനു സഹായിക്കുന്നതിന് ക്യുആർ കോഡ് സംവിധാനം ഒരുക്കും. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്‌ക് സ്ഥാപിക്കും. സ്വർണ്ണക്കപ്പ് എല്ലാ ജില്ലകളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങി തലസ്ഥാന നഗരിയിൽ എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.