തിരക്കിൽ ഒരു മിനിറ്റ് കിട്ടി, വിഗ്രഹം ശരിക്കൊന്നു കണ്ടു; 10 വർഷത്തിനുശേഷം മലകയറി വി.ഡി.സതീശൻ
Mail This Article
ശബരിമല∙ പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം മലകയറി അയ്യപ്പ ദർശനം നടത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അദ്ദേഹം മലകയറി ദർശനം നടത്തിയത്. സോപാനത്തെ ഒന്നാം നിരയിൽ മറ്റു തീർഥാടകർക്ക് ഒപ്പം ക്യൂ നിന്നാണ് അയ്യപ്പനെ കണ്ടു തൊഴുതത്. തിരക്കിൽ ഒരു മിനിറ്റ് കിട്ടി. വിഗ്രഹം ശരിക്കൊന്നു കണ്ടു. അപ്പോഴേക്കും പിന്നിൽ നിന്നുള്ള തള്ളൽ വന്നു. പ്രസാദം വാങ്ങി. നേരെ മാളികപ്പുറത്ത് എത്തി ദർശനം നടത്തി.
തിരുവനന്തപുരം ലോ അക്കാദമിയിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി ശബരിമല ദർശനത്തിന് എത്തിയത്. കോളജ് യൂണിയൻ ചെയർമാൻ അരവിന്ദിന്റെ നൂറനാട്ടെ വീട്ടിൽ നിന്നാണ് കെട്ടു മുറുക്കി ആദ്യമായി ശബരിമല ദർശനം നടത്തുന്നത്. പിന്നീട് എറണാകുളത്തെ സുഹൃത്തുക്കൾക്ക് ഒപ്പവും ശബരിമല ദർശനം നടത്തി. കാൽ മുട്ടിന്റെ വേദന കാരണമാണ് 10 വർഷമായി എത്താൻ കഴിയാത്തത്. ഇപ്പോൾ കാൽമുട്ട് ശരിയായി. നടന്നു മല കയറുന്നതിനു പ്രയാസം ഉണ്ടായില്ല.
ഇതുവരെയുള്ള തീർഥാടന ഒരുക്കങ്ങൾ നല്ലതായിരുന്നു. പരാതി ഇല്ല, ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് കൂടും. അപ്പോൾ കൈവിട്ടു പോകാതെ ശ്രദ്ധിക്കണമെന്ന് ദേവസ്വം ബോർഡ് അംഗം എ.അജികുമാറുമായി നടത്തിയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയിൽ താൻ കൊണ്ടുവന്ന സബ്മിഷൻ കാരണമാണ് സ്പോട് ബുക്കിങ് പുനരാരംഭിക്കാൻ സാധിച്ചതെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.