ശബരിമലയിൽ ഭിന്നശേഷിക്കാരന് ഡോളി നിഷേധിച്ച സംഭവം; റിപ്പോർട്ട് തേടി ഹൈക്കോടതി
Mail This Article
കൊച്ചി ∙ ശബരിമലയിൽ ഭിന്നശേഷിക്കാരന് ഡോളി സേവനം ലഭിക്കാതിരുന്ന സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. ശബരിമല ചീഫ് പൊലീസ് കോർഡിനേറ്ററോടാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് റിപ്പോർട്ട് തേടിയത്. പമ്പ ബസ്‌സ്റ്റോപ്പിൽ എത്തിയ ഭിന്നശേഷിക്കാരന് ഡോളി ലഭിച്ചില്ലെന്ന സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരമാണ് കോടതിയുടെ നടപടി. തിരുവനന്തപുരം പാലോട് സ്വദേശി സജീവനാണ് ഡോളി നിഷേധിക്കപ്പെട്ടത്. പമ്പയിൽ ബസിറങ്ങിയ സ്ഥലത്തേക്ക് ഡോളി വിടാതെ പൊലീസ് തടഞ്ഞുവച്ചു എന്ന് ആരോപണമുയര്‍ന്നിരുന്നു.
നിലക്കലിലെ അനധികൃത കോൺട്രാക്ട് ക്യാരേജ് ബസുകള്‍ സർവീസ് നടത്തുന്നുവെന്ന വിഷയത്തിൽ റിപ്പോര്‍ട്ട് നൽകാനും കോടതി പൊലീസിന് നിർദേശം നൽകി. പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ശുചിമുറി സൗകര്യം സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പരിസ്ഥിതി വകുപ്പ് അസി. എന്‍ജിനിയറാണ് റിപ്പോർട്ട് നൽകേണ്ടത്. ശബരിമലയിൽ നടൻ ദിലീപിന്റെ വിഐപി ദർശന വിഷയം നാളത്തേക്ക് പരിഗണിക്കാൻ മാറ്റി.