വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി; കലോത്സവ വിവാദത്തിൽ പ്രസ്താവന പിൻവലിച്ച് വിദ്യാഭ്യാസ മന്ത്രി – പ്രധാനവാർത്തകൾ
Mail This Article
വയനാട് ദുരന്തം നടന്ന് നാല് മാസം പിന്നിട്ടിട്ടും കേന്ദ്രസഹായം ലഭിച്ചില്ലെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതായിരുന്നു ഇന്നത്തെ പ്രധാന വാർത്ത. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ രൂക്ഷമായി അദ്ദേഹം വിമര്‍ശിച്ചു. വയനാടിന്റെ കാര്യത്തില്‍ ജനങ്ങളെയും പാര്‍ലമെന്റിനെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് അമിത്ഷാ നടത്തിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. വയനാട്ടിലെ മുണ്ടക്കൈയിലൂം ചൂരല്‍മലയിലും ഉണ്ടായ ദുരന്തം വിവാദമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശദമായ റിപ്പോര്‍ട്ട് കേരളം നല്‍കാത്തതുകൊണ്ടാണ് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തത് എന്നാണ് അമിത് ഷാ പറഞ്ഞതെന്നും ഇതു വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദമായിരുന്നു മറ്റൊരു വാർത്ത. വെഞ്ഞാറമൂട് വച്ച് ഒരു നടിയെക്കുറിച്ച് താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്നെ അനാവശ്യ ചര്‍ച്ചകളും വിവാദങ്ങളും ഒഴിവാക്കാനാണ് പ്രസ്താവന പിന്‍വലിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനു വേണ്ടി കുട്ടികളെ 10 മിനിറ്റ് നൃത്തം പഠിപ്പിക്കാന്‍ പ്രശസ്ത നടി 5 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ കുറ്റപ്പെടുത്തൽ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ക്കാണു വഴിവച്ചത്.
വാഹനാപകടത്തിൽ വയോധിക മരിക്കുകയും ഒൻപതു വയസ്സുകാരി അബോധാവസ്ഥയിലാകുകയും ചെയ്ത കേസിലെ പ്രതിയെ രണ്ടാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കുമെന്ന് വടകര റൂറൽ പൊലീസ് ഇന്ന് വ്യക്തമാക്കി. പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ (35) എത്രയും പെട്ടന്ന് എത്തിക്കാനാണ് നീക്കം നടത്തുന്നതെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതി എത്തുമെന്നാണ് കരുതുന്നതെന്നും ഡിവൈഎസ്‌പി വി.വി.ബെന്നി പറഞ്ഞു. പ്രതി സ്വന്തം നിലയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. അല്ലെങ്കിൽ നോട്ടിസ് ഉൾപ്പെടെ പുറപ്പെടുവിക്കാനാണ് പൊലീസ് നീക്കം. ഷെജീലിന്റെ ഭാര്യയെ കേസിൽ പ്രതി ചേർക്കണോ എന്ന കാര്യത്തിൽ നിയമവശം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മനോരമ ഓൺലൈനോട് വ്യക്തമാക്കി.
2023ലെ ജെ.സി. ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി.എൻ.കരുണിന്. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 5 ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനാണ് നിലവിൽ ഷാജി.എൻ.കരുൺ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ നിയമിച്ചു. 2024 ഡിസംബർ 12 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. ശക്തികാന്ത ദാസിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നിയമനം. രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഓഫിസറാണ് സഞ്ജയ് മൽഹോത്ര.