ആൽവിൻ ഗൾഫിൽനിന്നെത്തിയത് ‘ചെക്കപ്പിന്’ വേണ്ടി; അപകടം ആഡംബര കാറിന്റെ പ്രമോഷൻ വിഡിയോ എടുക്കുന്നതിനിടെ
Mail This Article
കോഴിക്കോട് ∙ വെള്ളയിൽ ബീച്ചിനു സമീപത്തെ റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച ആൽവിൻ (20) ഗൾഫിൽനിന്നെത്തിയത് രണ്ടാഴ്ച മുൻപ്. കമ്പനികൾക്കു വേണ്ടി പ്രമോഷൻ വിഡിയോ ചെയ്യുന്ന ജോലിയാണ് ആൽവിൻ നാട്ടിൽ ചെയ്തിരുന്നത്. വിഡിയോയുമായി ബന്ധപ്പെട്ട ജോലിയായിരുന്നു ഗൾഫിലും.
രണ്ടു വർഷം മുൻപ് ആൽവിന് വൃക്കരോഗത്തിനു ശസ്ത്രക്രിയ ചെയ്തിരുന്നു. ആറു മാസം കൂടുമ്പോൾ പരിശോധന നടത്തണം. അതിനായാണ് നാട്ടിൽ എത്തിയത്. അതിനിടെയാണ് വാഹന കമ്പനിക്കു വേണ്ടി ആഡംബര കാറുകളുടെ വിഡിയോ എടുക്കാൻ ഇന്നു രാവിലെ വെള്ളയിൽ എത്തിയത്.
റോഡിനു നടുവിൽ നിന്ന്, രണ്ടു വാഹനങ്ങൾ കടന്നുപോകുന്നതിന്റെ റീലാണ് ചിത്രീകരിച്ചതെന്നാണ് വിവരം. വാഹനങ്ങൾ ആൽവിനെ കടന്നു പോയപ്പോൾ ഒരു വാഹനത്തിന്റെ വശം തട്ടുകയായിരുന്നു. ആ വാഹനത്തിൽത്തന്നെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പതിനൊന്നരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
999 ഓട്ടമേറ്റീവ് എന്ന കമ്പനിക്കുവേണ്ടി പുതിയ കാറുകളുടെ റീലാണ് എടുത്തത്. കമ്പനിയുടെ ആളുകൾ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. രണ്ടു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചയാണ് പോസ്റ്റ്മോർട്ടം. അതിനുശേഷമായിരിക്കും സംസ്കാരം.
വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിൽ സ്ഥിരമായി വാഹനങ്ങളുടെ റീൽ ചിത്രീകരിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ബൈക്ക് ഉൾപ്പെടെ മുൻപും അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.