ADVERTISEMENT

കൊച്ചി ∙ നടൻ ദിലീപിനും സംഘത്തിനും പൊലീസ് അനർഹമായ ഒരു സഹായവും ചെയ്തു കൊടുത്തിട്ടില്ലെന്ന് ശബരിമല സന്നിധാനം സ്പെഷൽ ഓഫിസർ പി.ബിജോയ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദിലീപ് സന്നിധാനത്ത് എത്തുന്ന കാര്യത്തിൽ മുൻകൂട്ടി ഒരു വിവരവും ലഭിച്ചിരുന്നില്ല. നടനു പ്രത്യേകമായി ഒരു പരിഗണനയും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് മറ്റന്നാൾ പരിഗണിക്കാനായി മാറ്റി. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് മനസ്സിലാകുന്നത് ദിലീപ് എത്തിയത് ഹരിവരാസനത്തിനായി നട അടയ്ക്കുന്നതിനു 10 മിനിറ്റ് മുൻപ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും അസി. എക്സിക്യൂട്ടീവ് ഓഫിസറുമൊത്താണ്. ആ സമയത്ത് ആലപ്പുഴ ജില്ലാ ജഡ്ജി കെ.കെ.ബാലകൃഷ്ണനും മകനും സോപാനത്തിന്റെ വാതിൽക്കൽ ഉണ്ടായിരുന്നു. ഈ സമയത്ത് ഉദ്യോഗസ്ഥർക്കൊപ്പമെത്തിയ ദിലീപ്, സുഹൃത്ത് ശരത്, ഡ്രൈവർ അപ്പുണ്ണി എന്നിവർ പുറത്തു കാത്തുനിന്നു. ഹരിവരാസനം തുടങ്ങിയ സമയത്ത് ഇവിടെയുണ്ടായിരുന്ന രണ്ട്  ദേവസ്വം ഗാ‍ർഡുമാരാണ് ദിലീപിനെയും മറ്റുള്ളവരെയും ആദ്യനിരയിലേക്ക് കയറി നിൽക്കാൻ അനുവദിച്ചത്. ഇവിടം നോക്കുന്നത് ദേവസ്വം ഗാർഡുമാരാണ്. സോപാനം സ്പെഷൽ ഓഫിസർക്കാണ് സോപാനത്തിന്റെ ഉത്തരവാദിത്തമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 

നടന് പൊലീസ് പമ്പയിലോ സന്നിധാനത്തോ യാതൊരു വിധത്തിലുള്ള സഹായവും നൽകിയിട്ടില്ലെന്ന് റിപ്പോർട്ടിൽ ആവർത്തിച്ചു. യൂണിഫോമിലല്ലാതിരുന്ന ഒരു ദേവസ്വം ഗാർഡ് നടനെയും മറ്റുള്ളവരെയും അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെനിന്ന് ദേവസ്വം ഉദ്യോഗസ്ഥർ സോപനത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു എന്ന് മനസ്സിലാക്കുന്നു. പ്രായമായവരെയും കുട്ടികളെയും ഉൾപ്പെടെ എല്ലാവർക്കും ദർശനത്തിനു സൗകര്യം ഒരുക്കാനുള്ള എല്ലാ ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്.

സ്പെഷൽ പൊലീസ് ഓഫിസറെന്ന നിലയിൽ താൻ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും അവരുടെ ജോലിയെ കുറിച്ച് വ്യക്തമായ ധാരണ നൽകിയിട്ടുണ്ട്. ഈ സംഭവത്തിനു ശേഷം ദർശനത്തിനു നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ ഒരു ലംഘനവും വരാതിരിക്കാൻ പൊലീസിന്റെ സോപാനം ഡിവിഷന്‍ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary:

Dileep Sabarimala Case : Special Police Officer refutes claims of providing undue assistance to actor Dileep at Sabarimala, submits report to Kerala High Court.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com