‘ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല, സോണിയയ്ക്ക് എതിരായ ആരോപണം വ്യാജം’: ബിജെപിയെ തള്ളി ഫ്രഞ്ച് മാധ്യമം
Mail This Article
ന്യൂഡൽഹി ∙ ഹംഗേറിയൻ – യുഎസ് വ്യവസായി ജോർജ് സോറസുമായി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്ന ബിജെപി ആരോപണം വ്യാജമെന്ന് ഫ്രഞ്ച് അന്വേഷണാത്മക മാധ്യമമായ മീഡിയ പാർട്ട്. സോറസ് - സോണിയ ബന്ധമെന്ന ആരോപണം ഉന്നയിക്കുമ്പോൾ ബിജെപി ഉദ്ധരിച്ച വാർത്താ ഏജൻസിയാണ് മീഡിയപാർട്ട്. ബിജെപി വാദത്തിനു തെളിവില്ലെന്ന് മീഡിയപാർട്ട് വ്യക്തമാക്കി. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അറിയിച്ചു.
ലോക്സഭയിൽ രാഹുൽ ഗാന്ധിക്കെതിരായ സോറോസ് ആരോപണത്തിൽ ബിജെപി ഉദ്ധരിച്ചത് മീഡിയപാർട്ട് റിപ്പോർട്ടാണ്. ഫ്രഞ്ച് പ്രസിദ്ധീകരണമായ മീഡിയാപാർട്ട് പുറത്തുവിട്ട റിപ്പോർട്ടിന്റെ ഉള്ളടക്കമെന്ന നിലയിലായിരുന്നു ആരോപണങ്ങൾ. ഒരിക്കലും പ്രസിദ്ധീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കാൻ മീഡിയപാർട്ടിന്റെ ലേഖനം ബിജെപി തെറ്റായി ഉപയോഗിച്ചുവെന്ന് ഡയറക്‌ടർ കാരിൻ ഫ്യൂട്ടോ പറഞ്ഞു.
സോണിയ ഗാന്ധിക്ക് ജോർജ് സോറോസ് ഫൗണ്ടേഷൻ ഫണ്ട് നൽകുന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്നായിരുന്നു ബിജെപിയുടെ ആരോപണം. കശ്മീർ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന ആശയത്തിന്റെ പിന്തുണക്കാരാണ് ഈ ഫൗണ്ടേഷൻ എന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു.