സിറിയയിലെ സൈനിക താവളങ്ങൾ ആക്രമിച്ച് ഇസ്രയേൽ; തുർക്കിയിൽനിന്ന് തിരികെ അഭയാർഥിപ്രവാഹം
Mail This Article
ഡമാസ്കസ് ∙ വിമതസഖ്യം ഭരണം പിടിച്ചെടുത്ത സിറിയയിലെ സൈനിക താവളങ്ങൾ ആക്രമിച്ച് ഇസ്രയേൽ. ഹെലികോപ്റ്ററുകൾ, ജെറ്റ് വിമാനങ്ങൾ എന്നിവ തമ്പടിച്ചിരുന്ന മൂന്ന് സൈനിക താവളങ്ങൾക്കു നേരെയാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയതെന്ന് സിറിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബഷാർ അൽ-അസദിനെ പുറത്താക്കിയ ശേഷം സിറിയയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ്.
വടക്കുകിഴക്കൻ സിറിയയിലെ ഖാമിഷ്‌ലി വിമാനത്താവളം, ഹോംസിന്റെ പ്രാന്തപ്രദേശത്തുള്ള ഷിൻഷാർ താവളം, തലസ്ഥാനമായ ഡമാസ്‌കസിന് തെക്കുപടിഞ്ഞാറുള്ള അക്‌റബ വിമാനത്താവളം എന്നിവയാണ് ആക്രമിക്കപ്പെട്ടത്. ഡമാസ്കസിലെ ഗവേഷണ കേന്ദ്രം, എന്നിവയ്ക്കു നേരെയും ആക്രമണമുണ്ടായി.
അതേസമയം, വിമതസഖ്യം പിടിച്ചെടുത്ത സിറിയയിലേക്ക് വൻ അഭയാർഥി പ്രവാഹം. അസദ് കുടുംബാധിപത്യകാലത്തും 13 വർഷം നീണ്ട വിമത പോരാട്ടകാലത്തും സിറിയയിൽനിന്നു പലായനം ചെയ്തത് ലക്ഷക്കണക്കിനാളുകളാണ്. ഇവരിൽ ഭൂരിപക്ഷം പേർക്കും ഇടം നൽകിയത് തുർക്കിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ അഭയാർഥികൾക്ക് അഭയം നൽകിയ രാജ്യമായി ഇതോടെ തുർക്കി മാറി.
പുതിയ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്കു തിരിച്ചെത്താനായി തുർക്കി–സിറിയൻ അതിർത്തിയിലെത്തി കാത്തുനിൽക്കുകയാണ് ആയിരക്കണക്കിന് അഭയാർഥികൾ. അഭയാർഥികൾ തിങ്ങിനിറഞ്ഞതോടെ സാമ്പത്തിക – സാമൂഹിക പ്രതിസന്ധിയിലായ തുർക്കി അഭയാർഥികൾക്ക് സുരക്ഷിതമായി മടങ്ങിപ്പോകാനുള്ള സാഹചര്യം ഒരുക്കുന്നു. അതേസമയം, വിമതസഖ്യത്തിന്റെ തുടർനടപടികൾ ഭയന്ന് സിറിയ വിടുന്നവരുമുണ്ട്.