5 വർഷം; കർണാടകയിൽ പ്രസവത്തിനിടെ മരിച്ചത് 3,350 അമ്മമാർ
Mail This Article
ബെംഗളൂരു ∙ കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്ത് 3,350 അമ്മമാർ പ്രസവത്തിനിടെ മരിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കോവിഡ് കാലത്ത്, ബിജെപി സർക്കാർ സംസ്ഥാനം ഭരിക്കുമ്പോഴാണ് ഈ മരണങ്ങളിലേറെയും സംഭവിച്ചത്. 2019–20ൽ 662, 2020–21ൽ 714, 2021–22ൽ 595, 2022–23ൽ 527, 2023–24ൽ 518, ഈ വർഷം ഇതുവരെ 348 എന്നിങ്ങനെയാണു പ്രസവത്തിനിടെ മരിച്ച യുവതികളുടെ എണ്ണം.
ബെല്ലാരി ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ നിലവാരമില്ലാത്ത മരുന്ന് കുത്തിവച്ചതിനെത്തുടർന്ന് 5 അമ്മമാർ മരിക്കാനിടയായ സംഭവം സർക്കാരിന്റെ വീഴ്ചയാണെന്ന് ബിജെപി ആരോപിക്കവേയാണു മുഖ്യമന്ത്രിയുടെ ഓഫിസ് കണക്കുകൾ പുറത്തുവിട്ടത്.
ബംഗാളിൽനിന്നുള്ള പശ്ചിം ബംഗ ഫാർമസ്യൂട്ടിക്കൽസിൽനിന്ന് കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപറേഷൻ വഴി ഏറ്റെടുത്ത സോഡിയം ലാക്ടേറ്റ് ട്രിപ് മരുന്നാണ് അമ്മമാരുടെ മരണത്തിന് ഇടയാക്കിയതെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. ജില്ലാ ആശുപത്രിയിൽ നവംബർ 9–11 തീയതികളിൽ സിസേറിയനു വിധേയരായ 34 പേരിൽ 7 പേരുടെ വൃക്കകൾ തകരാറിലായിരുന്നു. ഇക്കൂട്ടത്തിലെ 5 പേരാണ് മരിച്ചത്.