കുറ്റപ്പെടുത്തി കേന്ദ്രവും സംസ്ഥാനവും; വാടകയില്ല, വീടില്ല, പട്ടിണിയുടെ വക്കിൽ ദുരന്തബാധിതർ
Mail This Article
കൽപറ്റ ∙ പുനരധിവാസത്തിന്റെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ കുറ്റപ്പെടുത്തലല്ലാതെ മറ്റൊന്നും കാര്യമായി നടക്കാത്തതിൽ പ്രതീക്ഷ നഷ്ടപ്പെട്ട് വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതർ. ഒരുമാസമായി ഭക്ഷ്യക്കിറ്റും നിലച്ചതോടെ പട്ടിണിയുടെ വക്കിലാണു പല കുടുംബങ്ങളും. ഉരുൾപൊട്ടലുണ്ടായി നാലു മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിനുള്ള പ്രാരംഭ നടപടികൾപോലും ആയില്ല. ഗുണഭോക്തൃ പട്ടികയിൽപോലും അന്തിമതീരുമാനമായില്ല. ഇതിനിടെയാണു ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യകിറ്റും ഒരുമാസമായി നിലച്ചത്.
പുഴുവരിച്ച അരി വിതരണം ചെയ്തതിനെത്തുടർന്ന് ഡിവൈഎഫ്ഐ ഉൾപ്പെടെ പഞ്ചായത്ത് ഓഫിസിൽ വലിയ സമരം നടത്തി. റവന്യുവകുപ്പ് വിതരണം ചെയ്ത കിറ്റിൽ പഞ്ചായത്തിന് ഉത്തരവാദിത്തമില്ല എന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ നിലപാട്. എന്തായാലും നവംബർ ഏഴു മുതൽ കിറ്റ് വിതരണം മുടങ്ങി. പല കുടുംബങ്ങളും പട്ടിണി കൂടാതെ കഴിഞ്ഞുപോയത് ഈ കിറ്റിനെ ആശ്രയിച്ചായിരുന്നു. വാടക വിതരണം ഉൾപ്പെടെ മുടങ്ങുന്നതോടെ വറചട്ടിയിൽനിന്ന് എരിതീയിലേക്കു ചാടിയ അവസ്ഥയിലാണു ദുരന്തബാധിതർ.
‘സ്ഥലം ഏറ്റെടുപ്പ് ഉടൻ നടക്കില്ല’
വീടു നിർമാണത്തിനും പുനരധിവാസത്തിനുമായി സർക്കാർ കണ്ടെത്തിയ സ്ഥലം ഉടൻ ഏറ്റെടുക്കാൻ സാധിക്കില്ലെന്നാണു നിയമവിദഗ്ധർ പറയുന്നത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത്തരം നൂലാമാലകളൊന്നുമില്ലാത്ത ധാരാളം സ്ഥലം വയനാട്ടിൽ ലഭിക്കാനുണ്ടെങ്കിലും അതിനൊന്നും സർക്കാർ ശ്രമിക്കാത്തത് പുനരധിവാസത്തിൽ ആത്മാർഥത ഇല്ലാത്തതുകൊണ്ടാണെന്നാണ് ആരോപണം. സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകിയാൽ വീട് നിർമിച്ചു നൽകാമെന്ന് അറിയിച്ച പല സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വന്തം നിലയ്ക്കു സ്ഥലം കണ്ടെത്താൻ ശ്രമം തുടങ്ങി. സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകാൻ സാധ്യതയില്ലെന്ന കണക്കുകൂട്ടലിലാണു നീക്കം.
4 സ്ഥലം കണ്ടെത്തി; നാളെ തീരുമാനം: ലീഗ്
മുസ്‌ലിം ലീഗ് സ്വന്തം നിലയ്ക്കു സ്ഥലം കണ്ടെത്തിയെന്നും ബുധനാഴ്ച അന്തിമ തീരുമാനമാകുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് മനോരമ ഓൺലൈനോടു പറഞ്ഞു. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുക്കുമെന്നു പ്രതീക്ഷയില്ലാത്തതിനാണു സ്വന്തം നിലയ്ക്കു സ്ഥലം കണ്ടെത്തിയത്. മേപ്പാടി പരിസരത്താണു സ്ഥലം കണ്ടെത്തിയത്. 10 ഏക്കറിൽ കൂടുതലുള്ളവയാണ് എല്ലാം. രേഖകളുടെ പരിശോധന പൂർത്തിയാക്കി അനുയോജ്യമായത് ഏതാണെന്നു നാളെ തീരുമാനിക്കും. പണം കൊടുത്താണു സ്ഥലം വാങ്ങുന്നത്. 100 വീടുകൾ എത്രയും പെട്ടെന്നു നിർമിച്ചു നൽകാനാണു ശ്രമിക്കുന്നത്. സംസ്ഥാന സർക്കാർ പുനരധിവാസം നടത്തുമെന്നു പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.
അനുമതി തന്നാൽ നിർമാണം ഉടൻ: കോൺഗ്രസ്
വീടുകൾ നിർമിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയാൽ ഉടൻ നിർമാണം ആരംഭിക്കുമെന്ന് വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ പറഞ്ഞു. കെപിസിസി, കർണാടക, തെലങ്കാന സർക്കാരുകൾ 100 വീതം വീടുകൾ നിർമിക്കുമെന്നാണു വാഗ്ദാനം. 100 വീടുകൾ നിർമിക്കാനുള്ള പണം കെപിസിസി സമാഹരിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുത്തു നൽകിയാൽ അവിടെ വീടു പണിയാം എന്നാണ് സർക്കാരിനെ അറിയിച്ചത്. സർക്കാരിനു സ്ഥലം ഏറ്റെടുക്കാൻ താൽപര്യമില്ല എന്നത് ഇതിനകം വ്യക്തമായി. അതിനാൽ സ്ഥലം ഏറ്റെടുത്ത് വീടു നിർമിക്കാൻ അനുമതി നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. മേപ്പാടിയിൽ തന്നെ ചെറിയ വിലയ്ക്ക് ഇഷ്ടംപോലെ സ്ഥലം ലഭിക്കാനുണ്ട്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സ്ഥലം കണ്ടെത്തൽ ബുദ്ധിമുട്ടുള്ള കാര്യമല്ല. റവന്യു ഭൂമിയും പട്ടയമില്ലാത്ത ഭൂമിയും ധാരാളം ഉള്ളപ്പോഴാണു ലഭിക്കാൻ സാധ്യതയില്ലാത്ത സ്ഥലത്തിന്റെ പുറകെ സർക്കാർ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷ സംഘടനകളിൽ
കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പുനരധിവാസം നടത്തുമെന്ന പ്രതീക്ഷ ദുരന്തബാധിതർക്കു നഷ്ടപ്പെട്ടുവെന്നും സന്നദ്ധ സംഘടനകളിലും മറ്റുമാണ് അവസാന പ്രതീക്ഷയെന്നും മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു പറഞ്ഞു. പുൽപ്പള്ളിയിൽ സന്നദ്ധ സംഘടന 15 വീടുകൾ നിർമാണം പൂർത്തീകരിച്ചു കൈമാറി. തൃക്കൈപ്പറ്റയിൽ 37 വീടുകളുടെയും കമ്യൂണിറ്റി ഹാളിന്റെയും നിർമാണം അന്തിമഘട്ടത്തിലാണ്. മുട്ടിലിൽ പത്ത് വീടുകളും നിർമാണത്തിലിരിക്കുകയാണ്. കൂടാതെ പല വ്യക്തികളും ഒന്നോ രണ്ടോ വീടുകളും നിർമിച്ചു നൽകുന്നുണ്ട്.
ഭക്ഷ്യകിറ്റ് വിതരണം നിലച്ചത് ദുരന്തബാധിതരെ സാരമായി ബാധിച്ചു. പണിക്കു പോകാൻ സാധിക്കാത്ത പലരും ഭക്ഷ്യകിറ്റുകൊണ്ടാണ് കഴിഞ്ഞിരുന്നത്. വിജിലൻസ് അന്വേഷണം വന്നതോടെ വിതരണം നിർത്തി. നിരവധിപ്പേർ കിറ്റു ലഭിക്കുമോ എന്നു ചോദിച്ചു വിളിക്കുന്നുണ്ട്. പഞ്ചായത്ത് ഈ കാര്യത്തിൽ നിസ്സഹായരാണ്. റവന്യു വകുപ്പാണ് കിറ്റ് വിതരണം നടത്തിയിരുന്നതും അവസാനിപ്പിച്ചതും. പുഴു അരിച്ച അരി വിതരണം ചെയ്തതിന്റെ ഉത്തരവാദിത്തം പഞ്ചായത്തിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് എൽഡിഎഫ് നീക്കം നടത്തിയത്. കിറ്റ് വിതരണം പോലും അവസാനിപ്പിച്ച സാഹചര്യത്തിൽ കൂടുതലൊന്നും പ്രതീക്ഷിക്കാൻ ദുരന്തബാധിതർക്ക് സാധിക്കാത്ത സാഹചര്യമാണെന്നും ബാബു പറഞ്ഞു.
പഴിചാരൽ മുറപോലെ; മനംമടുത്ത് ദുരന്തബാധിതർ
ദുരന്തമുഖത്ത് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഒരുമിച്ചുനിന്നു പ്രവർത്തിച്ചതാണു രക്ഷപ്രവർത്തനം ഉൾപ്പെടെ സുഖമമാക്കാൻ സാധിച്ചത്. വാടക വീടുകളിലേക്കു മാറ്റുന്നതിനും ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നൽകുന്നതും സമയബന്ധിതമായി നടത്താൻ സാധിച്ചു. ഇതിനെല്ലാം സംഘടനകളും ജനങ്ങളും ഒപ്പം നിന്നു. എന്നാൽ താൽകാലിക പരിഹാരം കണ്ടശേഷം കളംവിടുന്ന സർക്കാരുകളെയാണു ദുരന്തബാധിതർ കണ്ടത്. വാടക വീടുകളിൽ, പലരുടെയും കാരുണ്യംകൊണ്ടു മാത്രമാണു നൂറുകണക്കിനു കുടുംബങ്ങൾ ദിവസവും തള്ളിനീക്കുന്നത്.
ഭൂരിഭാഗം പേർക്കും തൊഴിലില്ല. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും തോട്ടം തൊഴിലാളികൾക്കു മറ്റു സ്ഥലത്ത് തൊഴിൽ നൽകുമെന്ന് എസ്റ്റേറ്റ് അധികൃതർ അറിയിച്ചെങ്കിലും നടപടിയായില്ല. തൊഴിലെടുക്കാൻ സാധിക്കുന്ന മാനസികാവസ്ഥയിലേക്കു തിരിച്ചെത്താനും ദുരന്തബാധിതർക്ക് ആയിട്ടില്ല. ദുരന്തം നടന്നു നാലു മാസം കഴിയുമ്പോഴും ജൂലൈ 30നു പുലർച്ചെ നനഞ്ഞ മഴയിലും ചെളിയിലും കുതിർന്ന അതേനിൽപ് നിൽക്കുകയാണ് ദുരന്തബാധിതർ.