പിന്നിൽ ആരെന്ന് അറിയാം? വൃശ്ചികോത്സവത്തിനിടെ ആനയെഴുന്നള്ളിപ്പ് മാനദണ്ഡങ്ങൾ ലംഘിച്ചതിൽ കോടതി
Mail This Article
കൊച്ചി ∙ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് ആനയെഴുന്നള്ളിപ്പിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതിൽ രൂക്ഷമായി പ്രതികരിച്ച് ഹൈക്കോടതി. ക്ഷേത്രം ദേവസ്വം ഓഫിസർക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാൻ ജസ്റ്റിസുമാരായ ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് തുടങ്ങിയവരുടെ ബെഞ്ച് നിർദേശം നൽകി. ഉത്സവത്തിന്റെ നാലാം നാള്‍ കോടതിയുടെ മാർഗനിർദേശം ലംഘിക്കാൻ മനഃപൂർവം തീരുമാനിച്ചെന്നും ഇതിനു പിന്നില്‍ ആരായിരുന്നെന്നു തങ്ങൾക്കറിയാമെന്നും കോടതി വാക്കാൽ സൂചിപ്പിച്ചു. കേസ് ജനുവരി 9ന് വീണ്ടും ചേരുമ്പോൾ ദേവസ്വം ഓഫിസർ കോടതിയലക്ഷ്യ കേസിൽ മറുപടി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
നേരത്തേ, ആന എഴുന്നള്ളിപ്പിൽ സാധ്യമായ എല്ലാ മാർഗനിർദേശങ്ങളും പാലിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ നാലാം ദിവസമായ ഡിസംബർ രണ്ടിന് കനത്ത മഴയും ഭക്തജനത്തിരക്കും മൂലം മാർഗനിർദേശങ്ങൾ പാലിക്കാൻ സാധിച്ചില്ലെന്നും ഇതിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും ദേവസ്വം ഓഫിസർ അറിയിച്ചിരുന്നു. ആനകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിൽ ഭക്തർ തന്നോട് എതിർപ്പ് പ്രകടിപ്പിച്ചു. മാർഗനിർദേശങ്ങൾ പാലിക്കാൻ താൻ ആവശ്യപ്പെട്ടിട്ടും ഭക്തർ അനുസരിച്ചില്ല. താൻ ക്ഷേത്രത്തിലെ ആചാരങ്ങൾ ലംഘിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം ഭക്തർ ഉന്നയിച്ചതായും ദേവസ്വം ഓഫിസർ അറിയിച്ചിരുന്നു. എന്നാൽ ആനകൾ തമ്മിൽ 3 മീറ്റർ അകലം പാലിച്ചില്ല, ആനകളും ആളുകളും തമ്മിലും ആനകളും തീവെട്ടിയും തമ്മിലുമുള്ള അകലങ്ങളുടെ കാര്യത്തിലും നിയമ ലംഘനമുണ്ടായി എന്നാണ് ജില്ലാതല സമിതി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ദേവസ്വം ഓഫിസർ രഘുരാമൻ നേരിട്ടു ഹാജരായിരുന്നു.
കുറച്ചു ഭക്തർ വന്ന് കോടതി പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ ലംഘിക്കാൻ പറഞ്ഞാൽ ദേവസ്വം ഓഫിസർ ലംഘിക്കുമോ എന്ന് കോടതി ചോദിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇതു മനസിലാക്കാനുള്ള സാമാന്യബുദ്ധിയില്ലേ എന്നു ചോദിച്ച കോടതി, ആരാണ് ദേവസ്വം ഓഫിസറെക്കൊണ്ട് ഇക്കാര്യങ്ങള്‍ ചെയ്യിക്കുന്നത് എന്നും ആരാഞ്ഞു. ദേവസ്വം ഓഫിസർക്ക് പിന്നിൽ മറ്റു ചില ആളുകൾ ഉണ്ടെന്നും തങ്ങൾ പേരുകൾ പറയുന്നില്ലെന്നും കോടതി പറഞ്ഞു. കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ മനഃപൂർവം ലംഘിക്കാൻ ചില ഇടപെടൽ ഉണ്ടായിരുന്നതായി തങ്ങൾക്ക് അറിവുണ്ടെന്നും കോടതി ഇതിനിടെ വാക്കാൽ അഭിപ്രായപ്പെട്ടു. ക്ഷേത്രങ്ങളിൽ ഭക്തർ നൽകുന്ന പണം കൊണ്ട് എന്താണ് ചെയ്യുന്നത് എന്നും കോടതി ആരാഞ്ഞു.
വലിയ തിരക്കും മഴയും വന്നപ്പോൾ ജനങ്ങൾ ചിതറിയോടുകയും കാര്യങ്ങൾ നിയന്ത്രിക്കാൻ പറ്റാതെ വന്നതോടെയാണ് ആനകളെ ഒരുമിച്ച് ആനക്കൊട്ടിലിലേക്ക് കയറ്റി നിർത്തിയതെന്നുമാണ് ദേവസ്വം ഓഫിസർ പറഞ്ഞത്. ഈ സാഹചര്യം ഉണ്ടാകാതിരിക്കാനാണ് തങ്ങള്‍ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത് എന്നു കോടതി പറഞ്ഞു. ദേവസ്വം ഓഫിസറുടെ മറുപടി സത്യവാങ്മൂലം സ്വീകാര്യമല്ല എന്നു വ്യക്തമാക്കിക്കൊണ്ട് കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാനും നിർദേശിച്ചു.