മുനമ്പം: കെ.എം.ഷാജിയെ പിന്തുണച്ച് കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ പോസ്റ്റർ
Mail This Article
കോഴിക്കോട്∙ മുനമ്പം വിഷയത്തിൽ കെ.എം.ഷാജിയെ പിന്തുണച്ച് കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ പോസ്റ്റർ. പി.കെ.കുഞ്ഞാലിക്കുട്ടിക്കും വി.ഡി.സതീശനും പോസ്റ്ററിൽ വിമർശനം. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് പറയാൻ സതീശനെ ചുമതലപ്പെടുത്തിയ ആളെ പുറത്താക്കണമെന്നാണ് പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നത്. മുനവ്വറലി തങ്ങളെ വിളിക്കൂ ലീഗിനെ രക്ഷിക്കൂവെന്നും പോസ്റ്ററുകളിൽ പറയുന്നു. ലീഗ് ഹൗസ്, സമസ്ത സെന്റർ, പ്രസ്ക്ലബ് പരിസരം, യൂത്ത്‌ലീഗ് ഓഫിസ് എന്നിവിടങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് കെ.എം.ഷാജി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിനെ തള്ളി കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. കെ.എം.ഷാജി, എം.കെ.മുനീർ, ഇ.ടി.മുഹമ്മദ് ബഷീർ, കെ.പി.എ.മജീദ് എന്നിവരെല്ലാം വഖഫ് ഭൂമിയാണെന്ന നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. വഖഫ് ഭൂമി അല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവനയെ ഇവർ തള്ളിപ്പറയുകയും ചെയ്തു. ഇതോടെ തൽക്കാലം നേതൃത്വം ഇടപെട്ട് പരസ്യ പ്രസ്താവനകൾ വിലക്കിയിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ, അഖിലേന്ത്യ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ മുനമ്പത്തെ ഭൂമി വഖഫ് ആണെന്നോ അല്ലെന്നോ പരസ്യമായ നിലപാട് എടുത്തിട്ടില്ല. ഈ വിഷയത്തിൽ ആരെയും കുടിയൊഴിപ്പിക്കരുതെന്നും സമൂഹത്തിൽ ഭിന്നത വളർത്തരുത് എന്നതുമാണ് ഇരുവരുടെയും നിലപാട്. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണ് എന്ന് മറുവിഭാഗം പരസ്യ നിലപാട് എടുത്തിട്ടുണ്ട്.
അതേസമയം, സമസ്തയിലെ വിഭാഗീയത, മുനമ്പം വഖഫ് ഭൂമി സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസം എന്നിവയുടെ പശ്ചാത്തലത്തിൽ മുസ്‍ലിം ലീഗ് പ്രവർത്തക സമിതി യോഗം നാളെ കോഴിക്കോട്ട് നടക്കും. വിവാദ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. സമസ്തയിലെ ലീഗ്–ലീഗ് വിരുദ്ധ വിഭാഗീയത പരസ്യമായി രംഗത്തു വന്നതോടെ ഇക്കാര്യത്തിൽ ലീഗ് നേതൃത്വത്തിന്റെ നിലപാട് സംബന്ധിച്ചു കൃത്യമായ തീരുമാനമുണ്ടാകും. ലീഗ് വിരുദ്ധ വിഭാഗം നിരന്തരം പാണക്കാട് കുടുംബത്തെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തുന്നതും യോഗത്തിൽ ചർച്ചയാകും.