പിണറായി–സ്റ്റാലിൻ കൂടിക്കാഴ്ച ഇന്ന്; താമസം കുമരകത്ത്, കനത്ത സുരക്ഷ; മുല്ലപ്പെരിയാർ ചർച്ചയായേക്കും
Mail This Article
കോട്ടയം∙ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്നു കുമരകത്ത്. കുമരകം ലേക് റിസോർട്ടിലാണ് ഇരുവരും താമസിക്കുന്നത്. രാത്രി ചർച്ചകൾ നടക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. വൈക്കത്തെ നവീകരിച്ച പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായാണ് സ്റ്റാലിൻ എത്തിയത്.
രാവിലെ പ്രഭാത ഭക്ഷണ സമയത്ത് ഇരുവരും ഒന്നിച്ചു കാണും. മുല്ലപ്പെരിയാർ വിഷയം ചർച്ചയായേക്കാം. ചർച്ചകൾ നടക്കുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകൻ നിയമസഭയെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ചില നിർമിതികളുടെ അറ്റകുറ്റപ്പണിക്ക് സാധനം കൊണ്ടുവരുന്നതിന് കേരള സർക്കാർ തമിഴ്നാടിന് ഇന്ന് അനുമതി നൽകി. നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എം.കെ.സ്റ്റാലിൻ ഇന്നലെ ഉച്ചയോടെയാണ് കുമരകത്ത് എത്തിയത്. ഹൗസ് ബോട്ടിൽ സഞ്ചരിച്ച അദ്ദേഹം കായൽ സൗന്ദര്യം ആസ്വദിച്ചു. വൈകിട്ടോടെ പിണറായി വിജയനും കുമരകത്ത് എത്തി.
ശക്തമായ സുരക്ഷയാണ് കുമരകത്ത്. അവസാനവട്ട സുരക്ഷാ അവലോകന യോഗത്തിൽ തമിഴ്നാട് എസ്പി ശക്തിവേൽ, കേരള പൊലീസിലെ ഡിവൈഎസ്പിമാരായ കെ.ജി.അനീഷ്, പിപ്സൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു. വൈക്കത്തെ ഒരുക്കം മന്ത്രി വി.എൻ.വാസവൻ, മന്ത്രി എ.വി.വേലു, കലക്ടർ ജോൺ വി.സാമുവൽ, ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിലയിരുത്തി.
നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. ദ്രാവിഡ കഴക അധ്യക്ഷൻ കെ.വീരമണി മുഖ്യാതിഥിയാകും. വൈക്കം വലിയ കവലയിലെ പെരിയാർ സ്മാരകം ഉദ്ഘാടനത്തിനു ശേഷം ബീച്ച് മൈതാനിയിൽ പൊതുസമ്മേളനം നടക്കും.