‘രാജ് കുന്ദ്രയുമായി നേരിട്ട് ബന്ധമില്ല, ഷൂട്ട് നടന്ന കെട്ടിടത്തിൽ ചിത്രമുണ്ടായിരുന്നു; പണം നൽകിയത് ഉമേഷ്’
Mail This Article
മുംബൈ ∙ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും അശ്ലീല വിഡിയോ നിർമാണം, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ആരോപണവിധേയനുമായ വ്യവസായി രാജ് കുന്ദ്രയുമായി നേരിട്ട് ബന്ധമില്ലെന്ന് നടി ഗഹന വസിഷ്ഠ് എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിന് (ഇ.ഡി) മൊഴി നൽകി. അഡൽറ്റ്സ് ഒൺലി ചിത്രങ്ങളിൽ സജീവമായ ഇവരെ ആറു മണിക്കൂറിലധികം ഇ.ഡി ചോദ്യം ചെയ്തു.
കുന്ദ്രയുമായി നേരിട്ട് ബന്ധമില്ല. പക്ഷേ, സഹായി ഉമേഷ് കാമത്തുമായി ഇടപാടുകൾ ഉണ്ടായിരുന്നു. കാമത്താണ് തനിക്ക് പണം നൽകിയതെന്നും പൗണ്ടിലാണ് ഓരോ സിനിമയ്ക്കും പ്രതിഫലം നൽകിയതെന്നുമാണ് നടിയുടെ മൊഴി. രാജ് കുന്ദ്രയ്ക്ക് വേണ്ടി ജോലി ചെയ്തിട്ടില്ലെന്നും എന്നിട്ടും തന്റെ ബാങ്ക് അക്കൗണ്ടുകളും മറ്റും ഇ.ഡി. മരവിപ്പിച്ചിരിക്കുകയാണെന്നും നടി പറഞ്ഞു. രാജ് കുന്ദ്രയെ പറ്റിയും വിദേശ പണമിടപാടുകളെ പറ്റിയുമാണ് തന്നോട് ഇ.ഡി കൂടുതൽ ചോദ്യം ചോദിച്ചതെന്നും മാധ്യമപ്രവർത്തകരോടു അവർ പറഞ്ഞു.
ചിത്രീകരണം നടന്ന ഇടങ്ങളിൽ രാജ് കുന്ദ്രയെ കണ്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ചിത്രം ഷൂട്ട് നടന്ന കെട്ടിടത്തിൽ ഉണ്ടായിരുന്നു. അതിനാൽ അവർക്ക് ബന്ധമുണ്ടാകുമെന്നാണ് കരുതുന്നത്. രാജ് കുന്ദ്രയ്ക്കു ബന്ധമുള്ള കമ്പനി ആരംഭിച്ച ഹോട്ട് ഷോട്സ് എന്ന മൊബൈൽ ആപ്പിനു വേണ്ടി 11 സിനിമകൾ ചെയ്തു. പ്രതിഫലമായി 33 ലക്ഷം രൂപയാണ് ലഭിച്ചത്. ഒരു സിനിമയ്ക്ക് മൂന്ന് ലക്ഷം രൂപയായിരുന്നു നിരക്കെന്നും നടി മൊഴി നൽകി.
2021 ജൂലൈയിൽ നടി ഗഹനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല ചിത്രനിർമാണത്തിന് നേതൃത്വം നൽകിയത് ഗഹനയാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. തുടർന്നാണ് ഉമേഷ് കാമത്തിനെയും രാജ് കുന്ദ്രയെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്.