പുഷ്പ 2 പ്രദർശനത്തിനിടെ ആന്ധ്രയിലെ തിയറ്ററിൽ ആരാധകൻ മരിച്ചനിലയിൽ; സ്ക്രീനിങ് തുടർന്നെന്ന് ആരോപണം
Mail This Article
അനന്ത്പുര്‍∙ പുഷ്പ 2ന്റെ പ്രദർശനത്തിനിടെ ആന്ധ്രാപ്രദേശിലെ രായദുർഗത്തെ തിയറ്ററിൽ മുപ്പത്തിയഞ്ചുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. മാറ്റിനി ഷോയ്ക്കുശേഷം വൈകിട്ട് ആറുമണിയോടെ ശുചീകരണ തൊഴിലാളികൾ എത്തിയപ്പോഴാണ് ഹരിജന മധന്നപ്പയെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് കല്യാൺദുർഗം ഡിഎസ്പി രവി ബാബു പറഞ്ഞു. മരണം എപ്പോഴായിരുന്നെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘മദ്യപിച്ചാണ് മധന്നപ്പ രണ്ടരയോടെ തിയറ്ററിനുള്ളിലേക്കു പ്രവേശിച്ചത്. അകത്തിരുന്നും മദ്യപിച്ചു. ഉദെ ഗോല്ലം ഗ്രാമവാസിയായ ഇദ്ദേഹം നാലു കുട്ടികളുടെ പിതാവാണ്. സ്ഥിരം മദ്യപാനിയാണ്. അല്ലു അർജുന്റെ ആരാധകനാണ്. ബിഎൻഎസ് 194ാം വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്’’ – പൊലീസ് അറിയിച്ചു.
അതേസമയം, മരണം വിവരം അറിഞ്ഞിട്ടും സിനിമയുടെ പ്രദർശനം തുടർന്നുവെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും തിയറ്റർ ജീവനക്കാരും തമ്മിൽ വാഗ്വാദമുണ്ടായി. പൊലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. റിലീസ് ദിവസം തിയറ്ററിനു മുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.