റീൽസ് ചിത്രീകരണത്തിനിടെ അപകടം: കാറോടിച്ച സാബിദ് അറസ്റ്റിൽ; ലൈസൻസ് സസ്പെൻഡ് ചെയ്യും
Mail This Article
കോഴിക്കോട് ∙ പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് ഇരുപതുകാരൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്മാനാണ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പിന്നാലെ ജാമ്യത്തിൽവിട്ടു. സാബിദിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും വാഹനത്തിന്റെ ആർസി റദ്ദാക്കുമെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു. അതിനിടെ ആൽവിന്റെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
ബീച്ച് റോഡിലെ വിഡിയോ ചിത്രീകരണത്തിനിടെ ആൽവിനെ ഇടിച്ച കാർ ഏതാണെന്നതിൽ ആദ്യം മുതൽ പൊലീസിനു സംശയം ഉണ്ടായിരുന്നു. ആൽവിനെ ഇടിച്ചത് നീല കാർ ആയിരുന്നിട്ടും അതിനു ഇൻഷുറൻസ് ഇല്ലാത്തതിനാൽ മരണത്തിനിടയാക്കിയത് കറുത്ത കാറാണെന്ന് സാബിദും കൂടെയുണ്ടായിരുന്ന മുഹമ്മദ് റബീസും പൊലീസിനോടു കള്ളം പറഞ്ഞു. എന്നാൽ സിസിടിവി, മൊബൈലിൽ ചിത്രീകരിച്ച വിഡിയോ തുടങ്ങിയവയുടെ പരിശോധനയിലൂടെ ആ കള്ളം പൊലീസ് പൊളിച്ചു.
അതിനിടെ, സാബിദിന്റെ ലൈസൻസ് റദ്ദ് ചെയ്യാൻ മോട്ടർ വാഹന വകുപ്പിനു പൊലീസ് നിർദ്ദേശം നൽകി. ആൽവിനെ ഇടിച്ച തെലങ്കാന റജിസ്ട്രേഷൻ വാഹനത്തിന്റെ ആർസിയും റദ്ദാക്കും. ആൽവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ് എടുത്തു. നാല് ആഴ്ചയ്ക്കകം കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
ബീച്ച് റോഡിൽ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെയാണ് വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും മകൻ ആൽവിൻ (20) മരിച്ചത്. അപകടത്തെ തുടർന്ന്, കാറുകൾ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ ഇന്നലെ ത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
രണ്ടു കാറുകൾ സമാന്തരമായി അതിവേഗത്തിൽ എത്തുന്ന രംഗം റോഡിന്റെ മധ്യഭാഗത്തുനിന്ന് ആൽവിൻ ചിത്രീകരിക്കുകയായിരുന്നു. കാറുകൾ ആൽവിന്റെ തൊട്ടു മുന്നിൽ എത്തുമ്പോൾ കാറുകൾ നിർത്താനായിരുന്നു നിശ്ചയിച്ചത്. എന്നാൽ കാറുകളുടെ അതിവേഗം കണ്ട ആൽവിൻ പെട്ടെന്നു റോഡിന്റെ വശത്തേക്കു മാറിയപ്പോൾ ഇടിക്കുകയായിരുന്നു. ഒരു കാർ ആക്സസറീസ് സ്ഥാപനത്തിന്റെ പ്രമോഷൻ റീൽസ് ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം.
ഗൾഫിൽ ബന്ധുവിന്റെ സ്ഥാപനത്തിൽ വിഡിയോഗ്രഫറായി ജോലി ചെയ്യുകയായിരുന്നു ആൽവിൻ. 2 വർഷം മുൻപു വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് നാട്ടിലെത്തിയത്. നേരത്തേ ഇതേ ആക്സസറീസ് സ്ഥാപനത്തിന്റെ റീൽസ് ചെയ്തിട്ടുള്ളതിനാൽ നാട്ടിലെത്തിയപ്പോൾ അവർ വീണ്ടും വിളിക്കുകയായിരുന്നു.