പെരിയാറിനായി ഒരുമിച്ചു, ആ സഹകരണം തുടരണം: പിണറായി; ഇതു കാണാൻ കരുണാനിധി ഇല്ലല്ലോയെന്ന് സ്റ്റാലിനും
Mail This Article
കോട്ടയം ∙ എല്ലാ വേർതിരിവും നിയമം കൊണ്ടു മാറ്റാനാകില്ലെന്നും ജനങ്ങളുടെ മനസ്സും മാറണമെന്നും എന്തു വില കൊടുത്തും സമത്വ സമൂഹം സ്ഥാപിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്നാട് സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളവും തമിഴ്നാടും പരസ്പരം കൈത്താങ്ങാവുകയാണെന്നും സഹകരണ ഫെഡറലിസത്തിന്റെ യഥാർഥ ദൃഷ്ടാന്തമാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ടുവയ്ക്കുന്നതെന്നും ചടങ്ങിൽ അധ്യക്ഷനായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
1924 ൽ പെരിയാറെ അറസ്റ്റ് ചെയ്ത അതേ വൈക്കത്തു തന്നെ പെരിയാറിന്റെ പ്രതിമ ഉയർന്നിരിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. ഇതാണ് പെരിയാറിന്റെ വിജയം. ഇത് ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ട ദിവസമാണ്. ഈ കാഴ്ച കാണാൻ കലൈജ്ഞർ കരുണാനിധി ഇല്ല എന്ന വിഷമം ഉണ്ട്. പല മേഖലകളിലും നാം മുന്നേറി. അതുപോരാ. ഇനിയും മുന്നേറേണ്ട മേഖലകളുണ്ട്. ഉയർന്ന ജാതി– താഴ്ന്ന ജാതി, പാവപ്പെട്ടവൻ– പണക്കാരൻ, ആൺ– പെൺ വേർതിരിവുകൾക്കെതിരെ പോരാട്ടം തുടരണം. മുൻപത്തേക്കാൾ വേഗത്തിൽ മാറണം. ആരെയും താഴ്ത്തിക്കാണാതെ സമത്വം എന്ന ആശയം വളരണം.
വൈക്കം സത്യഗ്രഹം ഒറ്റപ്പെട്ട സംഭവമല്ല, പിന്നീടുള്ള പല വിജയങ്ങളുടെയും തുടക്കമായിരുന്നു. എല്ലാ മേഖലയിലും വിജയം ഉണ്ടാകട്ടെ. തടസ്സങ്ങളെ നാം തകർക്കും. ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ നമ്മൾ വിജയിക്കും. തന്തൈ പെരിയാറിന്റെ സ്മാരകം എന്ന സ്വപ്നം യാഥാർഥ്യമാക്കിയത് കേരളവും തമിഴ്നാടും ഒരുമിച്ചുനിന്നാണ്. തമിഴ്നാടിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളിൽ ഒരു വർഷമായി കേരളത്തിന്റെ ഭാഗത്തുനിന്ന് വലിയ സഹകരണമാണ് ഉണ്ടായത്. ഈ പരിപാടിയുടെ എല്ലാ മേഖകളിലും കേരള സർക്കാർ സഹകരിച്ചു. ഇത് ഭാവിയിലും തുടരുമെന്നും തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കി.
സാമ്പത്തിക സ്വയംഭരണമടക്കം സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു മേൽ നിരന്തരം കൈകടത്തലുകൾ ഉണ്ടാവുന്ന ഈ ഘട്ടത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ തമ്മിൽ ഈ സഹകരണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നു പിണറായി വിജയന്‍ പറഞ്ഞു. അതിർവരമ്പുകൾക്കതീതമായ സഹവർത്തിത്വവും സഹകരണവുമാണ് വൈക്കം സത്യഗ്രഹത്തിൽ നമ്മൾ കണ്ടത്. ആ സഹവർത്തിത്വവും സഹകരണവും തുടർന്നുകൊണ്ടു പോവുകയാണ് കേരളവും തമിഴ്നാടും ചെയ്യുന്നത്. പെരിയാർ വ്യക്തികളുടെ സ്വാഭിമാനത്തിനായി നിലകൊണ്ടെങ്കിൽ സംസ്ഥാനങ്ങൾ അവയുടെ സ്വാഭിമാനത്തിനായി നിലകൊള്ളണം എന്നതാണ് കാലം ആവശ്യപ്പെടുന്നത്. ആ തരത്തിലുള്ള സഹകരണം കേരളവും തമിഴ്നാടും മുന്നോട്ടു കൊണ്ടുപോകും.
പെരിയാർ സ്മാരകത്തിന്റെ നവീകരണത്തിലും ആ സഹകരണ മനോഭാവം തന്നെയാണ് പ്രകടമാകുന്നത്. അതിനെ കൂടുതൽ ശക്തിപ്പെടുത്താൻ വരും കാലങ്ങളിൽ ഇരു സംസ്ഥാനങ്ങൾക്കും കഴിയണം. സാമൂഹിക മുന്നേറ്റങ്ങൾക്കായി എന്നും തമിഴ്നാടിനൊപ്പം കേരളമുണ്ടാകും. ഇന്ത്യയിലാകെയുള്ള സാമൂഹിക പരിഷ്കർത്താക്കളുടെ മുൻനിരയിലാണ് പെരിയാർ എന്ന ഇ.വി.രാമസ്വാമി നായ്ക്കരുടെ സ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈക്കം പുരസ്കാര ജേതാവായ കന്നട എഴുത്തുകാരൻ ദേവനൂര മഹാദേവനെ സ്റ്റാലിൻ ആദരിച്ചു. ദ്രാവിഡ കഴക അധ്യക്ഷൻ കെ. വീരമണി വിശിഷ്ടാഥിതിയായി. മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, തമിഴ്‌നാട് ജലസേചനവകുപ്പ് മന്ത്രി ദുരൈ മുരുകൻ, തമിഴ്‌നാട് പൊതുമരാമത്തു മന്ത്രി എ.വി. വേലു, തമിഴ്‌നാട് ഇൻഫർമേഷൻ വകുപ്പുമന്ത്രി എം.പി. സ്വാമിനാഥൻ, കെ. ഫ്രാൻസിസ് ജോർജ് എംപി., സി.കെ. ആശ എംഎൽഎ, കേരള ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തമിഴ്‌നാട് സർക്കാർ ചീഫ് സെക്രട്ടറി എൻ. മുരുകാനന്ദം, ജില്ലാ കലക്ടർ ജോൺ വി. സാമുവൽ, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, നഗരസഭാംഗം രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.