2029ൽ വരുമോ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ?; കരട് ബില്ലിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ
Mail This Article
ന്യൂഡല്‍ഹി∙ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. സമഗ്ര ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ കൊണ്ടുവരുമെന്നാണ് വിവരം. ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
2029 ൽ ഒറ്റ തിരഞ്ഞെടുപ്പ് നടക്കണമെങ്കിൽ അതിനിടയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സർക്കാരുകളുടെ നിയമസഭാ കാലാവധി വെട്ടിക്കുറയ്ക്കേണ്ടി വരും. നാലു വർഷം, മൂന്നു വർഷം, രണ്ടു വർഷം, ഒരു വർഷം എന്നിങ്ങനെയാകും നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കപ്പെടുക. ജാർഖണ്ഡ്, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി നാലു വർഷമായി വെട്ടിച്ചുരുക്കേണ്ടി വരും. കേരളം, ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ കാലാവധി മൂന്നു വർഷവും ആക്കേണ്ടി വരും.
മണിപ്പുർ, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ നിയമസഭാ കാലവധി രണ്ടു വർഷമായും ഹിമാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര, കർണാടക, തെലങ്കാന, മിസോറം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടേത് ഒരു വർഷമായും വെട്ടികുറയ്ക്കേണ്ട സാഹചര്യമുണ്ടാകും.
ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണമെന്നതാണ് മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ഏറ്റവും സുപ്രധാന നിർദ്ദേശം. തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്.