അല്ലുവിന്റെ അറസ്റ്റ്: 2 സംസ്ഥാനങ്ങളിൽ പുകയുന്ന രാഷ്ട്രീയം; അല്ലു – കൊനിഡേല കുടുംബങ്ങൾ അകൽച്ചയിലേക്കോ?
Mail This Article
ഹൈദരാബാദ് ∙ അല്ലു അർജുന്റെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കു കൂടിയാണ് തുടക്കമിട്ടിരിക്കുന്നത്. അറസ്റ്റ് നടന്നത് ഹൈദരാബാദിലാണെങ്കിലും രണ്ടു സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തെയാണ് ഇത് ബാധിക്കുക. നിലവിൽ രണ്ടു സംസ്ഥാനങ്ങളാണെങ്കിലും തെലങ്കാനയും ആന്ധ്രാപ്രദേശും ഇന്നും സിനിമയുടെ കാര്യത്തിൽ ഒന്നാണ്. തെലുങ്ക് സിനിമാ മേഖലയെ സംസ്ഥാന അതിർത്തിയെന്ന വേലി കൊണ്ട് വേർതിരിക്കാനാവാത്തതും ഈ രാഷ്ട്രീയവിവാദത്തിനു പുതിയ മാനം നൽകുന്നു. രണ്ട് സംസ്ഥാനങ്ങളിലായി നിലനിൽക്കുന്ന പ്രധാന പാർട്ടികളുടെ നിലപാടും അല്ലു, കൊനിഡേല കുടുംബങ്ങള്‍ക്കിടയിലെ അകൽച്ചയും ഈ കുടുംബങ്ങൾക്ക് തെലുങ്ക് രാഷ്ട്രീയത്തിലുള്ള നിർണായക സ്വാധീനവും വീണ്ടും ചർച്ചയാകുകയാണ്.
അല്ലു, കൊനിഡേല കുടുംബങ്ങൾ
ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുള്ളവരാണ് അല്ലു രാമലിംഗയ്യയുടെയും കൊനിഡേല വെങ്കട് റാവുവിന്റെയും പൂർവികർ. എഴുത്തുകാരനായ കൊനിഡേല വെങ്കട് റാവുവിന്റെ മക്കളാണ് നടൻമാരായ ചിരഞ്ജീവിയും നാഗേന്ദ്ര ബാബുവും പവൻ കല്യാണും. നടനും എഴുത്തുകാരനുമായ അല്ലു രാമലിംഗയ്യയുടെ മകളായ സുരേഖയെയാണ് ചിരഞ്ജീവി വിവാഹം ചെയ്തത്. അന്നു മുതൽ രണ്ടു കുടുംബങ്ങളും അടുപ്പത്തിലായി. സുരേഖയുടെ സഹോദരൻ അല്ലു അരവിന്ദിന്റെ മക്കളാണ് അല്ലു അർജുനും അല്ലു സിരിഷും.
അല്ലു അർജുൻ – വൈഎസ്ആർ കോൺഗ്രസ് ബന്ധം
ബന്ധുക്കളാണെങ്കിലും അല്ലു അർജുനുമായി ഏറെ നാളായി അകൽച്ചയിലാണ് ആന്ധ്രാ ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി അധ്യക്ഷനുമായ പവൻ കല്യാൺ. പവൻ കല്യാൺ ആരാധകർ പുഷ്പ 2 ചലച്ചിത്രത്തിന്റെ പ്രദർശനത്തിൽനിന്നു വിട്ടുനിൽക്കുകയാണെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ അല്ലു അർജുൻ വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർഥി ശിൽപ രവിയെ പിന്തുണച്ചതാണ് അകൽച്ചയ്ക്കു കാരണം.
ആന്ധ്രാപ്രദേശിൽ അല്ലു കുടുംബത്തിന്റെ പിന്തുണ പലപ്പോഴും വൈഎസ്ആർ കോൺഗ്രസിനായിരുന്നു. എതിർപക്ഷത്തുള്ള ചന്ദ്രബാബു നായിഡുവിനും പവൻ കല്യാണിനും അല്ലു കുടുംബവുമായുള്ള അകൽച്ചയ്ക്ക് ഇത് കാരണമായിരുന്നിരിക്കാം. തെലങ്കാനയിലെ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ചന്ദ്രബാബു നായിഡുവിന് അനുകൂലമായാണ് നിലവിൽ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നത്. ഇതും അല്ലു അർജുന്റെ അറസ്റ്റിന് പിന്നിലുള്ള രാഷ്ട്രീയ വിവാദങ്ങൾക്ക് നിറം പകരുകയാണ്.
കോൺഗ്രസിന്റെ കണ്ണിലെ കരട്?
തെലങ്കാനയിൽ പ്രതിപക്ഷത്തുള്ള ബിആർഎസും ബിജെപിയും അല്ലു അർജുന്റെ അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു. അല്ലു കുടുംബത്തിന് ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസിനോടെന്ന പോലെയാണ് തെലങ്കാനയിൽ ബിആർഎസിനോടുള്ള ബന്ധം. വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനായ ജഗൻമോഹൻ റെഡ്ഡിയുടെ എതിരാളിയും സഹോദരിയുമായ വൈഎസ്ആർ ശർമിളയാണ് ആന്ധ്രയിലെ കോൺഗ്രസ് പാർട്ടിയുടെ തലപ്പത്ത്. ഈ രാഷ്ട്രീയ വൈരാഗ്യവും നടൻ അല്ലു അർജുനെ കോൺഗ്രസിന്റെ കണ്ണിലെ കരടായി മാറ്റിയിരിക്കാം. അല്ലു അർജുന്റെ അറസ്റ്റ്, തെലങ്കാന – ആന്ധ്ര രാഷ്ട്രീയത്തിലെ വലിയ കലങ്ങിമറിച്ചലുകൾക്കും അല്ലു, കൊനിഡേല കുടുംബങ്ങള്‍ തമ്മിലുള്ള അകൽച്ചയ്ക്കും വഴിവയ്ക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.