പലിശ വേണ്ടെന്നു കേന്ദ്രം, പക്ഷേ വായ്പ വാങ്ങാതെ കേരളം: മറ്റു സംസ്ഥാനങ്ങൾ വാങ്ങുന്നത് കോടികൾ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് മൂലധന നിക്ഷേപത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി പണം കണ്ടെത്താന്‍ വലയുന്ന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ 50 വര്‍ഷത്തേക്കു നല്‍കുന്ന പലിശരഹിത വായ്പ വഴി അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വന്തമാക്കിയത് 3000 കോടി മാത്രം. കേന്ദ്ര സര്‍ക്കാര്‍ 2024-25ല്‍ 15,0,00 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കോടികളാണ് കേന്ദ്രത്തിൽനിന്ന് പലിശരഹിത വായ്പ വാങ്ങി അടിസ്ഥാനസൗകര്യ വികസനത്തിന് വിനിയോഗിക്കുന്നത്. 2024-25ല്‍ നവംബര്‍ 30 വരെ കേരളത്തിന് 790.11 കോടി രൂപയാണ് കേരളത്തിന് ലഭിച്ചത്.
വിവിധ പദ്ധതികൾക്കായി കിഫ്ബി വഴിയെടുക്കുന്ന വായ്പകളുടെ പലിശ തിരിച്ചടവിന് കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ ചെലവിടുമ്പോഴാണ് കേന്ദ്രം നല്‍കുന്ന പലിശരഹിത വായ്പ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തുന്നത്. കൃത്യമായ പദ്ധതി രൂപരേഖ സമര്‍പ്പിക്കാത്തതാണ് കൂടുതല്‍ തുക നേടുന്നതില്‍ കേരളത്തിനു തിരിച്ചടിയാകുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കിഫ്ബി വഴിയുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തുന്നതു സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രത്തിന്റെ പലിശരഹിത വായ്പ ഉപയോഗപ്പെടുത്താമെന്നും ഇവര്‍ വ്യക്തമാക്കുന്നു. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളസര്‍ക്കാരും തമ്മിലുള്ള പോര് സുപ്രീംകോടതിയിലാണ്. വലിയ ഫീസ് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ അഭിഭാഷകരെ രംഗത്തിറക്കുന്നത്.
2020-21ല്‍ കേരളത്തിന് 163 കോടി രൂപ മൂലധനനിക്ഷേപത്തിനുള്ള പ്രത്യേക വായ്പയായി അനുവദിച്ചെങ്കിലും 81.50 കോടിയാണ് നല്‍കിയത്. 2021-22ല്‍ 238.50 കോടി രൂപ നല്‍കി. 2022-23ല്‍ 1902.74 കോടി രൂപയാണ് ലഭിച്ചത്. 2023-24ല്‍ 928.90 കോടി അനുവദിച്ചെങ്കിലും ഒരു പൈസ പോലും ലഭിച്ചില്ല. 2024-25ല്‍ നവംബര്‍ 30 വരെ കേരളത്തിന് 790.11 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. 2024-25ല്‍ 60120.76 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം നല്‍കിയത്. 2023-24ല്‍ 109554.30 കോടി രൂപ കേന്ദ്രം വായ്പയായി അനുവദിച്ചിരുന്നു. ചില നിബന്ധനകളോടെയാണ് വിദ്യാഭ്യാസം, ആരോഗ്യം, റോഡ്, പാലം, ജലസേചനം, റെയില്‍വേ തുടങ്ങിയ അടിസ്ഥാന സൗകര്യവികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ തുക അനുവദിക്കുന്നത്. കേരളം മൂലധനനിക്ഷേപത്തിനു നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യം പാലിക്കുന്നില്ലെന്ന ആക്ഷേപമാണ് കേന്ദ്രം ഉന്നയിക്കുന്നത്. എന്നാല്‍ കേന്ദ്രം നിഷ്‌കര്‍ഷിക്കുന്ന പദ്ധതികളും മാനദണ്ഡങ്ങളും കേരളത്തിന്റെ സാഹചര്യങ്ങള്‍ കണക്കിലെടുത്തുള്ളതല്ലെന്ന പരാതിയാണ് കേരളസര്‍ക്കാരിനുള്ളത്.
വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന പലിശരഹിത വായ്പ മൂലധനനിക്ഷേപങ്ങള്‍ക്കായി ഫലപ്രദമായി ഉപയോഗിക്കുമ്പോഴാണ് കേരളം പിന്നോട്ടുപോകുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട് വിവിധ മൂലധന നിക്ഷേപങ്ങള്‍ക്കായി കേന്ദ്രത്തില്‍നിന്ന് നേടിയെടുത്തത് 12693.57 കോടി രൂപയാണ്. കര്‍ണാടക 10438.91 കോടിയും തെലങ്കാന 5020 കോടി രൂപയും പലിശരഹിത വായ്പ നേടിയിട്ടുണ്ട്. ഉത്തര്‍പ്രദേശാണ് ഏറ്റവും കൂടുതല്‍ വായ്പ എടുത്തിരിക്കുന്നത് - 36723.58 കോടി രൂപ. രാജസ്ഥാന്‍ - 20903.50 കോടിയും മധ്യപ്രദേശ് 29016.30 കോടി രൂപയും അഞ്ചു വര്‍ഷത്തിനുള്ളില്‍ വാങ്ങി.