12 കാരിയെ പീഡിപ്പിച്ച ബന്ധുവിനെ വിദേശത്തുനിന്നെത്തി കൊന്ന ശേഷം പിതാവ് മടങ്ങി
Mail This Article
ഹൈദരാബാദ് ∙ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചു ബന്ധുവിനെ കൊല്ലാനായി കുവൈത്തിൽനിന്നു നാട്ടിലെത്തി പ്രവാസി. കൊലപാതകത്തിനുശേഷം ആരുമറിയാതെ മടങ്ങുകയും ചെയ്തു. ആന്ധ്രപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപള്ളിയിലായിരുന്നു സംഭവം. ആഞ്ജനേയ പ്രസാദ് (35) എന്ന യുവാവാണു ശാരീരിക വെല്ലുവിളി നേരിടുന്ന ബന്ധു പി.ആഞ്ജനേയുലുവിനെ (59) കൊലപ്പെടുത്തിയത്.
ഇരുമ്പുവടി ഉപയോഗിച്ചാണു ബന്ധുവിനെ ആഞ്ജനേയ പ്രസാദ് അടിച്ചുകൊന്നതെന്നു രാജാംപേട്ട് സബ് ഡിവിഷനൽ പൊലീസ് ഓഫിസർ എൻ.സുധാകർ പറഞ്ഞു. ‘‘ഡിസംബർ ആദ്യ ആഴ്ചയിലാണ് ആഞ്ജനേയ പ്രസാദ് കുവൈറ്റിൽനിന്നു നാട്ടിലെത്തിയത്. ഡിസംബർ 6നു രാത്രിയും 7നു പുലർച്ചെയ്ക്കും ഇടയിലായിരുന്നു സംഭവം. ആഞ്ജനേയുലു വീടിനുപുറത്ത് ഉറങ്ങുകയായിരുന്നു. അപ്പോൾ ഇരുമ്പുവടി കൊണ്ട് ആഞ്ജനേയ പ്രസാദ് അടിച്ചു കൊന്നു’’– എൻ.സുധാകർ വ്യക്തമാക്കി.
കൊലപാതകത്തിനുശേഷം ആഞ്ജനേയ പ്രസാദ് കുവൈറ്റിലേക്കു മടങ്ങി. അവിടെ എത്തിയശേഷം, കുറ്റം സമ്മതിച്ചു വിഡിയോ സന്ദേശം പുറത്തിറക്കി. മകളുടെ പരാതിയിൽ പൊലീസ് നടപടി എടുക്കാത്തതിനാലാണു കൊലപാതകമെന്നു വിഡിയോയിൽ ആരോപിച്ചിരുന്നു. ഇയാൾക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആഞ്ജനേയ പ്രസാദും ഭാര്യ ചന്ദ്രകലയും കുവൈറ്റിലാണു ജോലി ചെയ്യുന്നത്. 12 വയസ്സുള്ള മകൾ നാട്ടിൽ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെയായിരുന്നു താമസം. പിന്നീട് പെൺകുട്ടി ചന്ദ്രകലയുടെ സഹോദരി ലക്ഷ്മിയുടെയും ഭർത്താവിന്റെയും കൂടെ താമസം തുടങ്ങി. ഇവിടെവച്ച് ലക്ഷ്മിയുടെ ഭർതൃപിതാവ് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം.
സംഭവത്തെക്കുറിച്ചു പരാതിപ്പെട്ടപ്പോൾ മിണ്ടാതിരിക്കാൻ പറഞ്ഞുവെന്നു പെൺകുട്ടി വെളിപ്പെടുത്തി. വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞു ലക്ഷ്മി വിളിച്ചു മകളെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടതായി ആഞ്ജനേയ പ്രസാദ് പറഞ്ഞു. കുവൈറ്റിൽ എത്തിയപ്പോൾ പെൺകുട്ടി തനിക്കുണ്ടായ അനുഭവം മാതാപിതാക്കളോടു പങ്കുവച്ചു. കുട്ടിയുടെ അമ്മ ചന്ദ്രകല നാട്ടിലെ പൊലീസിൽ പരാതി നൽകി. എന്നാൽ, പ്രതിക്കെതിരെ നടപടിയെടുക്കുന്നതിനു പകരം കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമിച്ചെന്നാണ് ആരോപണം. പീഡന ആരോപണം നേരിടുന്നയാൾക്കു മുന്നറിയിപ്പ് നൽകുക മാത്രമാണു പൊലീസ് ചെയ്തത്. ഇതിൽ വിഷമം തോന്നിയാണു ആഞ്ജനേയ പ്രസാദ് കൊലപാതകം ആസൂത്രണം ചെയ്തത്.