ADVERTISEMENT

കരിമ്പ (പാലക്കാട്) ∙ വലിയ ശബ്ദം കേട്ടു സുഭദ്ര പുറത്തുവന്നപ്പോൾ കണ്ടത് പൊടിപറത്തി വലിയൊരു ലോറി വീട്ടിലേക്ക് ഇടിച്ചു മറിഞ്ഞു നിൽക്കുന്നതാണ്. പേരക്കുട്ടി അലംകൃതയെ കൂട്ടാൻ പോയ മരുമകൾ അശ്വതിയെ കാണുന്നില്ല. കരയാൻ പോലും സുഭദ്രയ്ക്കു ശബ്ദമില്ലായിരുന്നു.

4 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ലോറി ഇടിച്ചു മറിഞ്ഞതു സുഭദ്രയുടെ വീട്ടിലേക്കാണ്. മകൻ രതീഷിന്റെ ഭാര്യ അശ്വതി ഇളയകുഞ്ഞ് ഐറയെ ഉറക്കി, മൂത്തമകൾ അലംകൃതയെ സ്കൂൾ വാഹനത്തിൽനിന്നു കൂട്ടാൻ വീടിനു മുന്നിലേക്കു പോയതായിരുന്നു. നേരിയ വ്യത്യാസത്തിലാണ് അശ്വതി രക്ഷപ്പെട്ടത്. ഏറെ വൈകിയാണ് അശ്വതി സുരക്ഷിതയാണെന്നു സുഭദ്ര അറിഞ്ഞത്.

3 വർഷത്തിനിടെ ചെറുതും വലുതുമായ നൂറ്റിയിരുപതിലേറെ അപകടങ്ങളും പന്ത്രണ്ടിലേറെ മരണങ്ങളും കരിമ്പ പനയംപാടം വളവിൽ മാത്രം സംഭവിച്ചു. ഒട്ടേറെ സമരങ്ങളാണു പ്രദേശത്തു നടന്നത്. റോഡിന്റെ മിനുസമാണു വില്ലനെന്നു നിശ്ചയിച്ച് അധികൃതർ റോഡ് മാന്തി വരകളിട്ടു. മുന്നറിയിപ്പു ബോ‍ർഡുകളും സ്ഥാപിച്ചു. ഇന്നലത്തെ അപകടത്തോടെ നാട്ടുകാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. വിഷയം ഇന്നു ചർച്ച ചെയ്യാമെന്ന് അധികൃതർ ഉറപ്പു നൽകിയതിനെത്തുടർന്നു പ്രതിഷേധം പിൻവലിച്ചു.

അപകടത്തിൽ മറിഞ്ഞ ലോറിയുടെ ഡ്രൈവർ മഹേന്ദ്രപ്രസാദ്, സഹായി വർഗീസ് എന്നിവരെ പരുക്കുകളോടെ മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും കാസർകോട് സ്വദേശികളാണ്. വർഗീസിന്റെ കാലിനു പൊട്ടലുണ്ട്. മഹേന്ദ്രപ്രസാദിനു കാര്യമായ പരുക്കില്ല. മറ്റൊരു വാഹനത്തിനു സൈഡ് നൽകുന്നതിനിടെ നിയന്ത്രണംവിട്ടെന്നാണു മൊഴി. ഈ സമയത്തു ചാറ്റൽമഴയും ഉണ്ടായിരുന്നു. ലോറി അമിതവേഗത്തിലായിരുന്നോ, ഡ്രൈവർ മദ്യപിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. വാഹനത്തിലെ ലോഡിന്റെ ഭാരം കൃത്യമായിരുന്നു.

English Summary:

Palakkad Lorry Accident : Lorry accident has left a family reeling in shock and fear. After a loud crash, a grandmother discovers an overturned lorry and a damaged house, but her daughter-in-law and granddaughter, who were out together, are nowhere to be found.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com