ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ്; 15 ലക്ഷം പേരുടെ പട്ടിക തയാർ, 18,000 ഇന്ത്യക്കാരെ ബാധിക്കും
![APTOPIX Election 2024 Trump Republican presidential nominee former President Donald Trump arrives at an election night watch party at the Palm Beach Convention Center, Wednesday, Nov. 6, 2024, in West Palm Beach, Fla. (AP Photo/Evan Vucci)](https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2024/11/30/donald-trump.jpg?w=1120&h=583)
Mail This Article
വാഷിങ്ടൻ∙ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ് സാക്ഷ്യം വഹിക്കുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം 18,000 ഇന്ത്യക്കാരെ ബാധിക്കും. നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) നവംബറിൽ പുറത്തുവിട്ടിരുന്നു. അതിൽ 17,940 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം.
ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് അധികവും. ഇവരെ ഇന്ത്യയിലേക്ക് തിരികെ അയച്ചേക്കുമെന്നാണ് സൂചന. തങ്ങളുടെ പൗരരെന്ന് വിശ്വസിക്കപ്പെടുന്നവരെ സ്വീകരിക്കാൻ വിദേശ സർക്കാരുകൾ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിഇ പറഞ്ഞു. അധികൃതരുടെ ഏകോപനത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി ഐസിഇ ഇന്ത്യയെ സഹകരിക്കാത്തവരുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മടങ്ങിയെത്തുന്ന പൗരന്മാരെ സ്വീകരിക്കുന്നതിൽ രാജ്യങ്ങൾ കാണിക്കുന്ന നിസഹകരണം അടിസ്ഥാനമാക്കിയാണ് ഈ തരംതിരിവ്. 15 രാജ്യങ്ങൾ ഈ പട്ടികയിലുണ്ട്.
കുടിയേറ്റക്കാരെ പുറത്താക്കാൻ സൈന്യത്തെയും മറ്റ് ആഭ്യന്തരസുരക്ഷാ ഏജൻസികളെയും ഉപയോഗിക്കുമെന്ന് ട്രംപ് കഴിഞ്ഞദിവസവും പറഞ്ഞിരുന്നു. മതിയായ രേഖകളില്ലാതെ രാജ്യത്തു കഴിയുന്ന നൂറോളം ഇന്ത്യക്കാരെ കഴിഞ്ഞ ഒക്ടോബറിൽ ചാർട്ടേഡ് വിമാനത്തിൽ യുഎസ് തിരിച്ചയച്ചിരുന്നു. ഇന്ത്യൻ സർക്കാരിന്റെ സഹകരണത്തോടെ 2023-24 സാമ്പത്തികവർഷം 1100 ഓളം പേരെ നാടുകടത്തിയെന്നാണ് യുഎസ് ആഭ്യന്തരസുരക്ഷാ വകുപ്പിന്റെ കണക്ക്.